സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. രാവിലെ 8 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രം അംഗീകരിക്കും. ധവളപത്രം മേശപ്പുറത്ത് വെച്ച ശേഷം മുഖ്യമന്ത്രി സഭയിൽ സംസാരിക്കും. ആസൂത്രണ കമ്മിഷൻ മുൻ ഉപാധ്യക്ഷൻ ഡോക്ടർ കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ, ട്രഷറിയിലെ നീക്കിയിരിപ്പ്, നികുതി വിഹിതത്തിനു പുറമേ കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയ അധിക വരുമാനത്തിന്റെയും, കേന്ദ്രം വെട്ടിക്കുറച്ച ഫണ്ടുകളുടെയും കണക്കുകൾ തുടങ്ങിയവ ധവള പത്രത്തിൽ ഉണ്ടാകും.
ധനകാര്യസ്ഥിതി മെച്ചപ്പെടുത്താനുള്ള പരിഷ്കാര നടപടികൾക്കുള്ള ശുപാർശകളും റിപ്പോർട്ടിൽ ഉണ്ടാകും. 10 വർഷത്തെ ഇടതുഭരണം കേരളത്തെ പാപ്പരാക്കി എന്നതാണ് യുഡിഎഫിന്റെ വാദം. 5000 കോടിയിലധികം രൂപ ഖജനാവിൽ ബാക്കി വെച്ചാണ് അധികാരത്തിൽ നിന്ന് പടിയിറങ്ങിയത് എന്നതാണ് ഇടതുപക്ഷത്തിന്റെ വാദം. അതിനാൽ ധവളപത്രത്തിലെ കണ്ടെത്തലുകളെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് നിയമസഭക്ക് അകത്തും പുറത്തും ഉയരും.