Image: Sabha TV

Image: Sabha TV

ഇന്ധനവില വര്‍ധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്ക് വര്‍ധന സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാക്കിയെന്ന് കെ.എന്‍ ബാലഗോപാല്‍. നിരന്തരം വില കൂടുകയാണെന്നും കുറച്ചുദിവസം കൂടി കാത്തിരുന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. എന്നാല്‍ വില കുറഞ്ഞിട്ട് തീരുമാനം എടുക്കുന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അതേസമയം, വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല. നിര്‍ഭാഗ്യകരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു.

വിഷയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഭാഗികമായി ശരിയാണെന്നാണ് മുഖ്യമന്ത്രി സഭയില്‍ പ്രതികരിച്ചത്. ‘പെട്രോൾ ഡീസൽ എൽപിജി വില നിരന്തരം കൂട്ടുന്നു. മെയ് മാസത്തിൽ നാലുതവണ കൂട്ടി. ഇനിയും കൂട്ടും എന്നാണ് സൂചന. സാമ്പത്തിക സാമൂഹിക ആഘാതം എന്തെന്ന് പരിശോധിച്ച് വരുന്നു. കുറച്ചു ദിവസം കൂടി കാത്തിരുന്ന് തീരുമാനം എടുക്കും’– മുഖ്യമന്ത്രി പറഞ്ഞു. 

വിലവർധന താഴോട്ട് പോയിട്ട് തീരുമാനം എന്നത് പ്രായോഗികമല്ലെന്ന് ബാലഗോപാലിന്‍റെ മറുപടി. ക്രൂഡ് വില രാജ്യാന്തര തലത്തിൽ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്‍പിജി വാണിജ്യ സിലിണ്ടർ 3000 കടന്നു. ഡീസൽ പെട്രോൾ വില കൂടി. നിർമാണ സാമഗ്രികളുടെ വിലയും കൂടി. എല്‍ഡിഎഫ് ഭരിച്ചപ്പോൾ സംസ്ഥാന ടാക്സ് കുറയ്ക്കണം എന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. അധിക നികുതി കുറക്കുന്നത് മര്യാദയാണ്. 150 കോടി വരെ ഖജനാവിലേക്ക് പ്രതിമാസം വരുന്നു. ഇത് കുറക്കാവുന്നതാണെന്നും ബാലഗോപാല്‍.

കേന്ദ്രത്തോട് സംസ്ഥാനം കൃത്യമായി കാര്യം പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്രം കൊള്ളയടിക്കുകയാണ്. സംസ്ഥാനം അതേ നിലപാട് സ്വീകരിക്കുന്നു. എല്‍ഡിഎഫ് ഇടയ്ക്കെങ്കിലും നികുതി ഇളവ് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് സഹായം നൽകുന്ന നിലപാട് സംസ്ഥാനം നൽകണം. എല്‍പിജിക്ക് സബ്‌സിഡി നൽകണം. 2018 ലും 2022 ലും ഓരോ തവണ വില ഇളവ് നൽകിയിരുന്നു. അപ്പുറത്തിരുന്നാലും ഇപ്പുറത്തിരുന്നാലും ഒരേ നിലപാട്. കേന്ദ്രത്തിനെതിരായ സമരത്തിൽ അന്നത്തെ പ്രതിപക്ഷം പിന്തുണ തന്നില്ല. ഇപ്പോൾ ഇളവ് നൽകാനുള്ള സാമ്പത്തികമുണ്ട്. സതീശൻ വാക്കു പറഞ്ഞാൽ മാത്രം പോര അത് പാലിക്കണമെന്നും ബാലഗോപാല്‍.

ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് പെട്രോൾ ഡീസൽ അധിക നികുതി വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. 619 കോടി രൂപയാണ് അന്ന് വേണ്ടെന്നുവച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 3100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ട്. ഒരു രൂപ പോലും കുറച്ചിട്ടില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാണ്യപ്പെരുപ്പം ഉണ്ടായത് കേരളത്തിൽ. മുൻസർക്കാർ വിലക്കയറ്റം തടയാൻ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി. കേരളത്തിൽ പുറത്തുനിന്ന് ഇന്ധനം വ്യാപകമായി വരുന്നു. ഇത് കർശനമായി തടയും. ബാലഗോപാലിൻ്റെ കാലത്താണ് ഈ അപകടം എല്ലാം ഉണ്ടായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുറവുകൾ മനസ്സിലാക്കി നടപടികൾ സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

The opposition LDF raised a stormy discussion in the Kerala Legislative Assembly today regarding the continuous price hikes of petrol, diesel, and LPG. Moving the adjournment motion, leader KN Balagopal accused the government of pocketing an additional 150 crore rupees monthly from fuel taxes while ignoring inflation and high commercial LPG rates. Refusing the motion, Chief Minister VD Satheesan counter-argued that the corporate financial crisis and inflation peaked during Balagopal's previous tenure as finance minister. Satheesan added that a final decision regarding tax relaxation would be taken only after evaluating the dynamic socio-economic impacts within a few days. Expressing strong disapproval over the denial of the motion, senior leader Pinarayi Vijayan criticized the government's highly dismissive approach toward burning public issues.