ed-cpmattack

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് SFI- DYFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തിയ പന്ത്രണ്ട് പേരില്‍ നാലുപേരാണ് ധാരണപ്രകാരം കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തും. പ്രവര്‍ത്തകരെ പാളയം ഏരിയാ കമ്മിറ്റി ഓഫിസില്‍ കയറി അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ സിപിഎം പ്രതിരോധം തീര്‍ത്തത് വീണ്ടും പിരിമുറുക്കങ്ങള്‍ക്ക് വഴിതെളിച്ചു. പ്രതികളെ ഏതുവിധേനയും പിടികൂടുകയാണ് ലക്ഷ്യമെന്ന് എഡിജിപി എച്ച്.വെങ്കിടേഷ് വ്യക്തമാക്കി.  

മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ പരിശോധനക്ക് പിന്നാലെയാണ് ഇ.ഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തിരുവനന്തപുരത്ത് നേതാക്കളുടെ സാന്നിധ്യത്തില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പുലര്‍ച്ചെ ആറ് മണിയോടെയാണ് ഇ.ഡിയുടെ പരിശോധനക്ക് തുടക്കം. ആദ്യം എത്തിയത് പിണറായിയും മകള്‍ വീണയും ഭാര്യ കമലയും താമസിക്കുന്ന തിരുവനന്തപുരത്തെ വാടകവീട്ടില്‍. മകള്‍ വീണയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു.  ഇ.ഡിയുടെ രഹസ്യനീക്കം മനോരമ ന്യൂസിലൂടെ കേരളം അറിഞ്ഞു.

​തൊട്ടുപിന്നാലെ പിണറായിയുടെ കണ്ണൂരിലെ വീടും, മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീടും വീണയുടെ ബംഗളൂരുവിലെ ഓഫീസും ഉള്‍പ്പടെ പത്തിടങ്ങളിലും ഇ.ഡി കയറി. എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധനക്കിടെ വീണയെ ചോദ്യം ചെയ്തു. പിണറായി വിജയനോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചു. പിണറായിലെ വീട്ടില്‍ ജീവനക്കാരന്‍ മാത്രമാണുണ്ടായിരുന്നത്. റിയാസിന്‍റെ വീട്ടില്‍ റിയാസില്ലായിരുന്നതിനാല്‍ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പരിശോധന നീളും തോറും റെയ്ഡ് കേന്ദ്രങ്ങളിലേക്ക് നേതാക്കളും പ്രവര്‍ത്തകരും തടിച്ചുകൂടിക്കൊണ്ടേയിരുന്നു. ഒടുവില്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വണ്ടി അടിച്ചുപൊട്ടിച്ച് ആക്രമണം.

പൊലീസും നേതാക്കളും നോക്കി നില്‍ക്കേയുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് ഉദ്യോഗസ്ഥര്‍ക്ക് മുന്നോട്ട് പോകാന്‍ അഞ്ച് മിനിറ്റിലേറെ കഷ്ടപ്പെടേണ്ടിവന്നു. കോഴിക്കോട് റിയാസിന്‍റെ വീടിന് മുന്നിലും ഇ.ഡിയുടെ വാഹനം തടഞ്ഞു. പിണറായിലെ വീട്ടില്‍ കൂകിവിളിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. പരിശോധനയും പ്രതിഷേധവും അവസാനിച്ച ശേഷം പുറത്തിറങ്ങിയ പിണറായി വിജയന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഇതുകൊണ്ടൊന്നും തളരില്ലെന്നും ഇത് ഒരു തുടക്കമായി കാണുന്നൂവെന്നും പ്രതികരിച്ചു.

2023 ഓഗസ്റ്റ് ഒന്‍പതിന് മലയാള മനോരമയാണ് മാസപ്പടി ഇടപാട് പുറത്തുകൊണ്ടുവന്നത്. വീണയുടെ കമ്പനിയായ എക്സാ ലോജിക്‌സിനു ശശിധരൻ കർത്തയുടെ സി.എം.ആർ.എൽ ചെയ്യാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്നതാണ് കണ്ടെത്തൽ. ഇതില്‍ കള്ളപ്പണ ഇടപാട് നടന്നോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

ENGLISH SUMMARY:

Four SFI-DYFI activists have been arrested in connection with the attack on ED officials in Kerala. This incident occurred following ED raids at multiple locations, including the homes of former Chief Minister Pinarayi Vijayan and his daughter Veena Vijayan, as part of the 'masappadi' case.