Untitled design - 1

സിഎംആർഎല്ലുമായുള്ള ഇടപാടിന്‍റെ പേരില്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിനും മകൾക്കും കുടുംബത്തിനും നേരെ നടക്കുന്നത് അനീതിതിയാണെന്നും രാഹുല്‍ ഇശ്വര്‍. എതിരാളികളോട് പോലും നീതി കാണിക്കുന്നതാണ് ധർമ്മം എന്നാണ് എല്ലാ ആത്മീയ പാതകളും നമ്മളെ പഠിപ്പിക്കുന്നത്. പിണറായിയുടെ പൊലീസ് കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 4 - 5 തവണ അറസ്റ്റ് ചെയ്ത്, 30 - 40 ദിവസം ജയിലിൽ കിടന്ന വ്യക്തിയാണ് ഞാൻ. ശബരിമലക്ക് വേണ്ടി ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും, പുരുഷാവകാശങ്ങൾക്കു വേണ്ടി വ്യാജ പരാതികൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലും ഞാൻ എടുത്ത നിലപാടുകൾ ആണ് ജയിച്ചതെന്നുള്ളത് എന്നത് ദൈവത്തിന്റെ അനുഗ്രഹം. 

പിണറായി വിജയനോട് ഒരു പ്രത്യേക മമതയും ഇല്ല, പക്ഷെ അദ്ദേഹത്തെയും മകളെയും വേട്ടയാടുന്നത് ശരിയല്ല. അത് വെറും രാഷ്ട്രീയമാണ്. ഇഡിയെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. വീണ വിജയനെതിരെ ഉള്ള കേസ് രാഷ്ട്രീയ പ്രേരിതമാണ്, അത് അവരുടെ അച്ഛൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനുള്ള തന്ത്രമാണ്. കേസ് പഠിച്ചാൽ അത് വ്യക്തമാണ്. Agreement, Invoice, Bank Payment അടക്കം വീണ വിജയനുണ്ട്. മെറിറ്റിൽ കോടതി കേസ് വരുമ്പോ തീരുമാനിക്കട്ടെ.  

മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻറെ നേതൃത്വത്തിൽ  കള്ള കേസുകൾ എടുത്തിട്ടില്ലേ എന്ന് ചോദിക്കാം. പക്ഷെ അനീതിയുടെ മറുപടി അനീതി അല്ല, കള്ള കേസിന്റെ മറുപടി മറ്റൊരു കള്ള കേസ് അല്ല.  നിങ്ങൾ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, ബിജെപി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ആരും ആകാം പക്ഷെ സത്യവും നീതിയുമാണ് ദൈവം. അത് കൊണ്ട്  പിണറായിക്കെതിരെ, ആർക്കുമെതിരെ അനീതി നടക്കാതിരിക്കട്ടെ. – രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തുന്ന റെയ്ഡിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത ആക്രമണമാണിത്. ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അതേസമയം, പിണറായി വിജയന്റെ വീടുകളില്‍ റെയ്ഡ് നടത്തിയ ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ തിരികെ പോകുന്നതിനിടെ, അവര്‍ വന്ന 3 വാഹനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഉദ്യോഗസ്ഥര്‍ വാഹനത്തിലിരിക്കവേയാണ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. 

ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. കാറിന്‍റെ ചില്ലുകള്‍ മുഴുവനായും ഇടിച്ചു പൊട്ടിച്ച നിലയിലാണ്. അതേസമയം, പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഇനിയുമുണ്ടാകുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

Pinarayi Vijayan's family is facing injustice and political persecution, according to Rahul Ishwar's statement regarding the CMRL deal. He emphasizes that targeting opponents, even enemies, is against the principles of Dharma and calls for fair investigation based on merit.