riyas-on-ed-raid

മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകള്‍ ഉള്‍പ്പടെ പന്ത്രണ്ടിടങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാറിനെതിരെ അവസാനശ്വാസം വരെയും പോരാടുമെന്നാണ് സമൂഹമാധ്യമക്കുറിപ്പില്‍ റിയാസ് കുറിച്ചത്. 'വളഞ്ഞിട്ടടിച്ചോളൂ.....പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും' എന്നാണ് പോസ്റ്റ്. 

തിരുവനന്തപുരം ബേക്കറി ജംക്ഷനിലുള്ള പിണറായി വിജയന്‍റെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്‍റെ കോട്ടുളിയിലെ വീട്ടിലുമാണ് പരിശോധന. തിരുവനന്തപുരത്തെ വീട്ടിലാണ് വീണാ വിജയനും പിണറായിയും ഉള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുകയാണ്. 

അതിനിടെ, പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടന്നതിനെ സിപിഎം അപലപിച്ചു.  പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ആക്രമണമാണിതെന്നും ഇതില്‍ ഭയപ്പെടില്ലെന്നും പി.കെ.ശ്രീമതി ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പിങ്ങനെ: 'അപലപനീയം: സഖാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെ സിപിഐഎം അപലപിക്കുന്നു. പ്രതിപക്ഷ നേതാവിനെതിരെ ബിജെപി സർക്കാർ ലക്ഷ്യമിട്ടുള്ള ആക്രമണമാണിത്. ഇത്തരം നടപടികൾ പിണറായി വിജയനെയോ സിപിഐഎമ്മിനെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡിൽ യുഡിഎഫ് സർക്കാർ പങ്കാളിയാണോ?'

ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.കെ.ശൈലജയും ആരോപിച്ചു. 'ഇ.ഡി. റെയ്ഡ് രാഷ്ട്രീയ പ്രേരിതം. ഇത്തരം റെയ്ഡ് കൊണ്ട് സിപിഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല. കോൺഗ്രസ്സിൻ്റെയും BJP യുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും.സഖാവ് പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുകയെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നൽകി എന്നായിരുന്നു ആരോപണം.

ENGLISH SUMMARY:

The Enforcement Directorate (ED) has launched synchronized raids across twelve premises, including the Thiruvananthapuram and Kannur residences of former Kerala Chief Minister Pinarayi Vijayan. In a fiery Facebook post published during the raids, former minister Muhammad Riyas lashed out at the central government, stating that they could surround and attack him but he would fight the Sangh Parivar until his last breath. The intensive financial probe also extended to Riyas's house in Pottammal (Kottooli) and the residence of CMRL Managing Director Sasidharan Kartha, while Vijayan and his daughter Veena Vijayan were present at the state capital location. The ED's aggressive move stems from a previous 2019 Income Tax investigation that unearthed a ₹132.82 crore financial accounting fraud at CMRL, which allegedly included an illicit ₹1.72 crore payoff to Veena Vijayan’s firm. Strongly condemning the search operations, CPI(M) leader P.K. Sreemathi termed the event a politically motivated vendetta by the BJP to terrorize opposition leaders, while openly questioning if the current UDF state government was complicit in the action.