നവകേരളാ സദസിന്‍റെ സമാപനദിവസം കരിങ്കൊടി കാണിച്ച പ്രവര്‍ത്തകന്‍റെ കാലിലൂടെ അകമ്പടിവാഹനത്തിന്‍റെ ടയര്‍ കയറ്റിയ സംഭവത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങി പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. മുഖ്യമന്ത്രി ഇടപെട്ട് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആന്‍സലദാസ് ആവശ്യപ്പെട്ടു. ആലപ്പുഴ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ആന്‍സലദാസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.
ആലപ്പുഴയില്‍ ഗണ്‍മാന്‍മാരുടെ ലാത്തിയടിയായിരുന്നുവെങ്കില്‍ കാട്ടാക്കടയില്‍ അകമ്പടി വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കാലിലൂടെ കയറ്റിയിറക്കുകയായിരുന്നു. 2023-ഡിസംബര്‍ 22 ന് നവകേരളാ സദസിന്‍റെ സമാപനദിവസം കാട്ടാക്കട മാര്‍ക്കറ്റ് റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്. ബ്ളോക്ക് ജനറല്‍ സെക്രട്ടറി മാറനല്ലൂര്‍ സ്വദേശി ആന്‍സലദാസിന്‍റെ കാലിലേക്ക് അകമ്പടിവാഹനം ഇടിച്ച് കയറ്റിയാണ് അന്ന് പോലീസ് പ്രതിരോധം തീര്‍ത്തത്. വീണുകിടന്ന ആന്‍സലദാസിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വലതുകാലിന്‍റെ എല്ല് പുറത്ത് വന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആന്‍സലദാസ് 6 മാസമാണ് ജോലിക്ക് പോകാനാകാതെ കിടപ്പിലായത്.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ആന്‍സലദാസ് ആവശ്യപ്പെടുന്നത്. അന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനുള്‍പ്പെടെ പാര്‍ട്ടി പിന്തുണയുമായെത്തിയിരുന്നു. ലക്ഷങ്ങളുടെ ചികിത്സക്ക് ശേഷവും പരുക്ക് ഇപ്പോഴും അലട്ടുന്നു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് എത്തിയാലുടന്‍ നേരിട്ട് പോയി പരാതി സമര്‍പ്പിക്കും.