Image: Manorama

നരേന്ദ്ര മോദി മന്ത്രിസഭയുടെ പുന:സംഘടനയില്‍ രാജ്യസഭാ എംപി സി. സദാനന്ദന്‍ കേന്ദ്രമന്ത്രിയായേക്കും. കെ. സുരേന്ദ്രന്‍ ബിജെപി ദേശീയ നേതൃനിരയിലേയ്ക്ക് എത്തിയേക്കും. പത്മജ വേണുഗോപാലിനും ശോഭ സുരേന്ദ്രനും പ്രധാനചുമതല ലഭിച്ചേക്കും. അനില്‍ ആന്‍റണിയോ, അനൂപ് ആന്‍റണിയോ രാജ്യസഭയിലെത്താന്‍ സാധ്യതയുണ്ട്. 

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കം 22 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂണില്‍ അവസാനിക്കും. ഇതില്‍ 11 പേര്‍ ബിജെപിയില്‍ നിന്നാണ്. തൃശൂരില്‍ നിന്നുള്ള ലോക്സഭാംഗമായ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത രാജ്യസഭാംഗങ്ങളായ പി.ടി ഉഷ, സി സദാനന്ദന്‍ എന്നിവരാണ് നിലവില്‍ പാര്‍ലെന്‍റിലെ ബിജെപിയുടെ മലയാളി സാന്നിധ്യം. 

ജോര്‍ജ് കുര്യനെ വീണ്ടും രാജ്യസഭയിലേയ്ക്ക് അയയ്ക്കണോ എന്നതില്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടില്ല. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ പരിശ്രമിക്കുന്ന ബിജെപി കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ഭാവി സാധ്യതകളും കണക്കിലെടുത്ത് ന്യൂനപക്ഷ വിഭാഗത്തിന് പ്രതിനിധ്യം നല്‍കാനാണ് സാധ്യത. അങ്ങിനെയെങ്കില്‍ അനില്‍ ആന്‍റണിയോ, അനൂപ് ആന്‍റണിയോ രാജ്യസഭയിലെത്താന്‍ സാധ്യതയുണ്ട്. സി സദാനന്ദന്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത അംഗമാണെങ്കിലും കേന്ദ്രമന്ത്രിയാകാന്‍ തടസമില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

രാഷ്ട്രീയസംഘര്‍ഷത്തിന് ഇരയാക്കപ്പെട്ട സദാനന്ദനെ കേന്ദ്രമന്ത്രിയാക്കുന്നത് വ്യക്തമായ സന്ദേശമാകുമെന്ന വിലയിരുത്തലുമുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പുതിയ ടീമിനെയും പ്രഖ്യാപിക്കും. കെ.സുരേന്ദ്രന് പാര്‍ട്ടി ദേശീയ നേതൃനിരയില്‍ പദവി ലഭിച്ചേക്കും. ദേശീയ ജനറല്‍ സെക്രട്ടറിയോ, സെക്രട്ടറിയോ ആയേക്കും. പത്മജ വേണുഗോപാലിനും സുപ്രധാന പദവി ലഭിച്ചേക്കും. ശോഭ സുരേന്ദ്രനും സംഘടനാതലത്തില്‍ പദവി ലഭിക്കാനിടയുണ്ട്. മൂന്ന് എംഎല്‍എമാര്‍ ജയിച്ചുകയറിയ സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധനല്‍കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നീക്കം. ജൂലൈയില്‍ ബിജെപി സംസ്ഥാന നേതൃനിരയിലെ പുന:സംഘടനയും നടക്കാനിടയുണ്ട്.

Modi Cabinet Reshuffle: Kerala Leaders Poised for Key Roles:

The Narendra Modi cabinet reshuffle might see Rajya Sabha MP C. Sadanandan appointed as a Union Minister, with K. Surendran potentially joining the BJP's national leadership. Several other prominent Kerala BJP leaders are also expected to receive significant roles.