വടകര ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് തിളച്ചുമറി‍ഞ്ഞ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് യുഡിഎഫ് സര്‍ക്കാര്‍ പുനരന്വേഷണം നടത്തിയേക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല കത്ത് നല്‍കി. 

 

ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തി രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടിട്ട് 20 മാസം കഴിഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല. നിർണായകമായ ഈ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും, യഥാർത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് പാറക്കല്‍ അബ്ദുല്ല എംഎല്‍എ ആഭ്യന്തരമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യമറിയിച്ചത്. നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനും തുനിഞ്ഞിറങ്ങിയ ആ സൈബർ കുറ്റവാളികളെ വെറുതെ വിടാൻ കഴിയില്ലെന്നും പാറക്കല്‍ അബ്ദുല്ല കത്തില്‍ ചൂണ്ടിക്കാട്ടുന്നു 

 

വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, കേസിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നാണ് രമേശ് ചെന്നിത്തല നല്‍കിയ മറുപടി. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിച്ചേയ്ക്കം എന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 

ENGLISH SUMMARY:

Kuttiady MLA Parakkal Abdulla has urged Home Minister Ramesh Chennithala to reopen the investigation into the controversial Vadakara ‘Kafir screenshot’ case that created political turmoil during the Lok Sabha elections. Despite a High Court directive for forensic examination of phones linked to the case, no action has reportedly been taken for 20 months. The government is now considering a fresh probe, possibly through a special investigation team.