എബോള വൈറസ് ഭീതിയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി. 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം സജ്ജീകരിക്കും. ലോകാരോഗ്യ സംഘടന എബോള ബാധ റിപ്പോര്‍ട്ട് ചെയ്തതായി പട്ടികയില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ്,വിഷ്വല്‍ ഇന്‍സ്പെക്ഷന്‍ എന്നിവ ഏര്‍പ്പെടുത്തും. കേരളത്തിലെത്തി 21 ദിവസത്തെ ഇവരുടെ ട്രാവല്‍ ഹിസ്റ്ററിയും ശേഖരിക്കും. ആരോഗ്യമന്ത്രി കെ.മുരളീധരന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ദ്രുത കര്‍മസേനയുടെ യോഗത്തിലാണ് തീരുമാനം. ഇന്ത്യയില്‍ ഇതുവരെ എബോള റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
എബോള ബാധ റിപ്പോര്‍ട്് ചെയ്തിട്ടുള്ള ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, യുഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇന്ത്യയിലെത്തിയാലുടന്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എബോള ബാധിതരുമായി നേരിട്ടോ, പരോക്ഷമായോ ബന്ധമുണ്ടായിട്ടുള്ളവര്‍ ആരോഗ്യവകുപ്പില്‍ വിവരം അറിയിക്കണമെന്നും രോഗം ബാധിക്കാതിരിക്കാനും പകരാതിരിക്കാനും ഇത് അത്യാവശ്യമാണെന്നും പിപിഇ കിറ്റ് അടക്കമുള്ളവയും മറ്റ് ചികില്‍സ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ആന്തരിക രക്തസ്രാവത്തിന് കാരണമായേക്കാവുന്ന വൈറസ് ബാധയാണ് എബോള. രോഗം ബാധിച്ചയാളുമായി നേരിട്ടുള്ള ഇടപഴകലിലൂടെയും അവരുടെ ശരീരദ്രവത്തിലൂടെയും വൈറസുള്ള വസ്തുക്കളിലൂടെയും രോഗബാധയുണ്ടാകാം. വായുവിലൂടെ പകരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറസുമായി സമ്പര്‍ക്കമുണ്ടായി 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കാണപ്പെടും. അതിനാണ് 21 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.