Image: Facebook, Rini Ann George
മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് അടുപ്പം പുലര്‍ത്തുന്ന നടി റിനി ആന്‍ ജോര്‍ജിന് ഫെയ്സ്ബുക് മെസഞ്ചറിലൂടെ അസഭ്യവര്‍ഷം. ഓഡിയോ മെസേജിന്‍റെ രൂപത്തിലാണ് കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പ്രതികരണം. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ റിനി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓഡിയോ സന്ദേശം ലഭിച്ചത്.
വി.ഡി.സതീശനും സണ്ണി ജോസഫിനുമെല്ലാമൊപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഈ നേതാക്കള്‍ക്ക് പണികൊടുക്കാനല്ലേ എന്ന് സന്ദേശം അയച്ചയാള്‍ ചോദിക്കുന്നു. പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് റിനി എത്തിയപ്പോള്‍ ഒരുസംഘമാളുകള്‍ കൂകിവിളിച്ചിരുന്നു. കണ്ണുകടിയുള്ളവരാണ് ഓരിയിട്ടതെന്നും അവര്‍ കോണ്‍ഗ്രസുകാരാണെന്ന് കരുതുന്നില്ലെന്നും റിനി പ്രതികരിക്കുകയും ചെയ്തു. സത്യപ്രതിജ്ഞാചടങ്ങിന്‍റെ വേദിയിലുണ്ടായിരുന്ന റിനി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയും റിനിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായി.
ഇതിനെതിരെയും റിനി പ്രതികരിച്ചു. ‘സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് കൂവി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം’ എന്നായിരുന്നു റിനിയുടെ അടുത്ത പോസ്റ്റ്. തന്നെ ‘അവതാരം’ എന്നുവിളിച്ച് കളിയാക്കുന്നവരോട്, ‘അതെ, ഞാൻ അവതാരം തന്നെയാണ്, ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം’ എന്നുകൂടി റിനി മറുപടി നല്‍കി. ഇതിന്‍റെ തുടര്‍ച്ചയായാണ് മെസഞ്ചര്‍ വഴിയുള്ള അസഭ്യവര്‍ഷം.