നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഡി.വൈ.എസ്.പി ബൈജു പൗലോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിവൈഎസ്പി അടക്കം ആറ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദേശം. ടി.പി.കേസ് സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ നടുറോഡില്‍ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനായിരുന്നു എ.പി.ഷൗക്കത്തലി. കൊടിസുനിയെയും സംഘത്തെയും പിടികൂടിയതും ഷൗക്കത്തലിയായിരുന്നു.
2023 ഡിസംബര്‍ 15ന് നവകേരള യാത്രയുടെ ബസ് ആലപ്പുഴയിലൂടെ കടന്ന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ കാത്തുനിന്ന നിലവിലെ ആലപ്പുഴ എംഎല്‍എയും അന്നത്തെ കെഎസ്യു ജില്ലാ പ്രസിഡന്റുമായ എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവര്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇവരെ നടുറോഡിലിട്ട് പിണറായി വിജയന്‍റെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ന് പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്ന് കോടതി ഇടപെടലിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ദൃശ്യങ്ങളിലൂടെ കേരളം മുഴുവന്‍ കണ്ട ആ അക്രമം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ന്യായീകരണം. കോടതി നിര്‍ദേശത്തില്‍ കേസെടുത്തുവെങ്കിലും പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചത് മറന്നിട്ടില്ലെന്നും എല്ലാം ഓര്‍ത്തുവയ്ക്കുമെന്നും' വി.ഡി.സതീശനും ഇതില്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ആദ്യം പ്രഖ്യാപിച്ചത് ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നാണ്.