udf-ministers-3

വി.ഡി.സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അനിശ്ചിതത്വം തുടരുന്നു. ഫിഷറീസ് കിട്ടിയാലെ  ഉന്നത വിദ്യാഭ്യാസം വിട്ടു നല്‍കുവെന്ന നിലപാടിലാണ് ലീഗ്. എന്നാല്‍ ലീഗിന് ഫിഷറീസ് നല്‍കുന്നതിനോട് ലത്തീന്‍സഭയ്ക്ക് വിയോജിപ്പുണ്ട്. നാളെ മന്ത്രിസഭാ യോഗം ചേരും മുന്‍പ് വകുപ്പുകളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. 

 

ഫിഷറീസ് ലീഗിന് നല്‍കുന്നതിനോട് പ്രധാന എതിര്‍പ്പ് ലത്തീന്‍സഭയ്ക്കാണ്.ബിഷപ്പുമാരെ സന്ദര്‍ശിച്ച് സഭയുടെ  എതിര്‍പ്പിന്‍റെ തീവ്രത കുറക്കാന്‍ വി.ഡി.സതീശന്‍ തന്നെ നേരിട്ടിറങ്ങി. എങ്കിലും ഇതില്‍ കുടുങ്ങി കിടക്കുകയാണ് മന്ത്രിമാരുടെ വകുപ്പു വിഭജനം. മന്ത്രിസഭാ രൂപീകരണത്തില്‍ ഇതൊക്കെ സ്വാഭാവികമ‌ല്ലെയെന്നാണ് മുന്‍മുഖ്യമന്ത്രി എ.കെ.ആന്‍റണിയുടെ ചോദ്യം.

 

ഉന്നത വിദ്യാഭ്യാസം വിട്ടു നല്‍കണമെങ്കില്‍ ഫിഷറീസ് വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഫിഷറീസൊന്നും വേണ്ട വനം വകുപ്പുകൊണ്ട് തൃപ്തിപെടാമെന്ന് ഷിബു ബേബിജോണും പറയുന്നു. ഉന്നത വിദ്യാഭ്യാസം റോജി എം.ജോണിന് കിട്ടുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസമൊക്കെ കോണ്‍ഗ്രസ് തന്നെ കൈവശം വയ്ക്കണമെന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.

 

ദേവസ്വം കെ.മുരളീധരന്‍തന്നെ കൈവശം വയ്ക്കുമോ എന്നതിലും  ഉറപ്പില്ല. പി.സി.വിഷ്ണുനാഥിന് ടൂറിസം  കിട്ടുമോ എന്നതിലും തീരുമാനമായില്ല. വകുപ്പേതാണെന്നറിയാന്‍ ചിലമന്ത്രിമാരെങ്കിലും  കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം കിട്ടിയശേഷം മന്ത്രിമാരും വകുപ്പും ചേര്‍ന്ന പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. അതിന് ശേഷം ഒൗദ്യോഗിക വിജ്ഞാപനം ഇറങ്ങും. 

 

അതേസമയം, ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ ലത്തീന്‍ സഭ എതിര്‍പ്പറിയിച്ചതിന് പിന്നാലെ അനുനയശ്രമവുമായി മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍. കെ. മുരളീധരനും സി.പി ജോണുമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തിയത്. സ്ഥിരം സന്ദര്‍ശനമെന്നാണ് കെ.മുരളീധരന്‍ പ്രതികരിച്ചത്. സമുദായിക വിഭാഗങ്ങള്‍ക്ക് അഭിപ്രായം പറയാം.അവരുടെ വോട്ട് മാത്രം എന്ന നിലപാടില്ലെന്നും പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും അറിയിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

ENGLISH SUMMARY:

Uncertainty continues in V.D. Satheesan’s cabinet formation as the Muslim League insists on the Fisheries portfolio in exchange for Higher Education. Opposition from the Latin Catholic Church has complicated the portfolio allocation process. Several ministerial departments, including Tourism and Devaswom, also remain undecided ahead of the cabinet meeting.