കേരളക്കരയിൽ ഇനി വിഡിഎസിന്റെ പുതുയുഗം. സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി.സതീശൻ കേരളത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി, ആ കസേരയിൽ എത്തിയ 13ാം വ്യക്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരം ഏൽക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് മന്ത്രിസഭ അധികാരമേറ്റത്. മൂന്നരക്കോടി മലയാളികളുടെ പ്രതിനിധികളായി സെൻട്രൽ സ്റ്റേഡിയത്തിൽ അണിനിരന്ന ജനലക്ഷങ്ങളെ സാക്ഷിനിർത്തിയാണ് വടശേരി ദാമോദര മേനോൻ സതീശൻ എന്ന വി.ഡി. സതീശൻ സത്യവാചകം ചൊല്ലിയത്.
ഒരു ജനതയുടെ ആകെ പ്രതിക്ഷകളെ ചുമലിലേറ്റി മന്ത്രിസഭയുടെ ഒന്നാമനായ സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരു പ്രത്യേകതയുണ്ട്. കേരളപ്പിറവിയോളം പ്രായമില്ല പുതുയുഗ വാഹകനായ മുഖ്യമന്ത്രി സതീശന്. പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ എന്നിവർ പിന്നാലെ സത്യവാചകം ചൊല്ലി. ജന നേതാക്കൾക്കെല്ലാം എഴുന്നേറ്റുനിന്ന് കയ്യടിച്ച് നേരിട്ട് സാക്ഷിയായവർ.
മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി. അനിൽകുമാർ, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, ടി.സിദ്ദീഖ്, കെ.എ.തുളസി, ഒ.ജെ. ജനീഷ്. യുവ നേതാക്കൾക്കെല്ലാം സദസ്സിന്റെ വൻ സ്വീകരണം. മുഖ്യമന്ത്രി ഉൾപ്പെടെ 19 പേർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഇടതുധാരയിൽ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങളുടെ ഭാഗമായ ഷിബു ബേബി ജോണും സിപി ജോണും ഇവരുടെ സഗൗരവം പ്രതിജ്ഞഎടുത്തു. പാന്റ്സ് ധരിച്ച് സത്യവാചകം ചൊല്ലി റോജി എം.ജോണും വ്യത്യസ്തനായി
രാജ്യത്ത് പല നല്ല കീഴ്‌വഴക്കങ്ങൾക്കും തുടക്കം ഈ നാട് സത്യപ്രതിജ്ഞാ ചടങ്ങിലെ വ്യത്യസ്തയ്ക്കും ഇത്തവണ തുടക്കമിട്ടു. അധികാരം ഏറ്റ പാർട്ടിയുടെ അമരക്കാരായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, സുഖ്‌വീന്ദർ സിങ് സുഖു, ഉപമുഖ്യമന്ത്രിമാരായ ഡി.കെ.ശിവകുമാർ, മല്ലു ഭട്ടി വിക്രമാർക്ക, പാണക്കാട് സാദിഖലി തങ്ങൾ, പി.ജെ.ജോസഫ് ഉൾപ്പെടെ ഉള്ളവർക്ക് അപ്പുറം നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.വി.ഗോവിന്ദനും ബിനോയ് വിശ്വത്തിനും രാജീവ് ചന്ദ്രശേഖർക്കും മുൻനിരയിൽ തന്നെ ഇരിപ്പിടം കിട്ടി. കേരള രാഷ്ട്രീയത്തിന്റെ പരിച്ഛേദം അങ്ങനെ ഒറ്റ ഫ്രെയിമിൽ.