പറഞ്ഞ വാക്ക് പാലിച്ച് വിഡി സതീശന്‍ സര്‍ക്കാരിന്‍റെ തുടക്കം. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂൺ 15 മുതല്‍ നടപ്പാക്കും. ആദ്യമന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രഖ്യാപിച്ചത്. രാജ്യത്താദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനിച്ചു
ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വർധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും ആയിരം രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനത്തിലും ആയിരം രൂപയുടെ വര്‍ധന അനുവദിച്ചു.
ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പുനരന്വേഷണ പ്രഖ്യാപിച്ചു . ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും.
അഡ്വ.ജെയ്ജു ബാബുവാണ് പുതിയ അഡ്വക്കറ്റ് ജനറല്‍ . ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഡയറക്ടര്‍ ജനറല്‍ , പ്രോസിക്യൂഷന്‍ ആയിരുന്ന ടി ആസഫ് അലിയെ ആസ്ഥാനത്ത് വീണ്ടും നിയമിച്ചു.
തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വന്‍ജനാവലിയെ സാക്ഷിനിർത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യമന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. . മന്ത്രിസഭയിലെ രണ്ടാമനായ പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരം ഏൽക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നീണ്ടനിരയെ വേദിയിലിരുത്തിയാണ് മന്ത്രിസഭ അധികാരമേറ്റത്.