കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല. 

 

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ടാണ്. അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട തീവ്രമഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്. നാളെയും പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

Also read: പെരുമഴ തുടരുന്നു; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


കാസർകോട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം നേരിട്ടു. മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ കാറ്റാംകവല റോഡിൽ മണ്ണിടിഞ്ഞു. ഇതോടെ റോഡിന്റെ ഒരു വശത്ത് ഗതാഗതം തടസ്സമുണ്ടായി. നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിൽ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് അറക്കത്തട്ട് മലവെള്ളപ്പാച്ചിലുണ്ടായി. ജനവാസ മേഖലയില്ലാത്തതിനാൽ പ്രദേശത്തെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പെരിയ കാഞ്ഞിരടുക്കത്ത് റോഡിന് കുറുകെ മരം വീണു.  താണിയടിത്തട്ടിലാണ് മരം വീണത്. പ്രദേശത്ത് 4 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

 

മഴ കുറഞ്ഞിട്ടും കുട്ടനാട് മേഖലയില്‍ ജലനിരപ്പു താഴ്ന്നില്ല . വീടുകളിൽ വെള്ളം നിറഞ്ഞതോടെ കുട്ടനാട്ടുകാരുടെ ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആയി. പലയിടത്തും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. കിഴക്കൻ മേഖലകളിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കാതായതോടെ കുട്ടനാട്ടുകാർ അതിദുരിതത്തിലാണ്. വീടുകളിൽ വെള്ളക്കെട്ട് രൂക്ഷം. താമസിക്കാൻ പറ്റാത്ത അവസ്ഥ. റോഡുകളും തോടുകളും ഒരുപോലെ. ജല ജീവിതം ആയതോടെ വള്ളത്തിലും തോണികളിലും ഒക്കെയാണ് യാത്ര.

 

തോട്ടപ്പള്ളി സ്പിൽ വേ തുറന്നെങ്കിലും മാലിന്യം അടിഞ്ഞുകൂടിയായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ചേർത്തലയിൽ നിർത്തിയിട്ടിരുന്ന കെആർടിസി ബസിന് മുകളിൽ മരം വീണു. രാത്രിയാണ് മരം വീണത്. ആളപായം ഇല്ല. രണ്ടുദിവസം കൂടി ദുരിതം തുടർന്നേക്കാം. ജില്ലയിൽ 100ൽ ഏറെ ക്യാംപുകൾ തുറന്നിട്ടുണ്ട്.

ENGLISH SUMMARY:

Kozhikode district holiday tomorrow is declared for educational institutions, excluding professional colleges, with pre-scheduled exams remaining unaffected. This announcement comes amidst a severe rain alert for several districts in Kerala, including Kozhikode, due to continuing heavy downpours.