cpm-kannur

TOPICS COVERED

നേതാക്കൾ അണികളിൽ നിന്ന് അകന്നു എന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും  രൂക്ഷ വിമർശനം. ഗൃഹസമ്പർക്ക പരിപാടി നടത്തിയിട്ടും ജന മനസ്സ് അറിയാനായില്ല. തളിപ്പറമ്പിൽ പി കെ ശ്യാമളക്കെതിരായ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായി എന്നുംസ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കുന്നതായി അണികൾക്കും അനുഭാവികൾക്കും തോന്നി എന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ട് വിലയിരുത്തൽ പാളിയതായും ഇത് കൃത്യമായി വിലയിരുത്തിയിരുന്നെങ്കിൽ അടിയൊഴുക്കുകൾ തടയാമായിരുന്നു എന്നും അഭിപ്രായമുയർന്നു. 

സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും വിമർശനം ഉയർന്നു. സെക്രട്ടറി മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിക്കുന്നതിൽ വ്യക്തതയില്ല. പലതും ആളുകൾക്ക് മനസ്സിലാകുന്നില്ല എന്നും ചിലത് പരിഹാസ്യമായി പോകുന്നു എന്നുമാണ് രാഗേഷിനെതിരെയുള്ള വിമർശനം. ഇന്നലെ ആരംഭിച്ച ജില്ലാ കമ്മിറ്റിയോഗം ഇന്നും തുടരും. അതേസമയം സിപിഎം എറണാകുളം ജില്ലാസെക്രട്ടേറിയറ്റിൽ പി.രാജീവിനെ വളഞ്ഞിട്ടാക്രമിച്ച് അംഗങ്ങൾ. ജില്ലയിലെ സമ്പൂർണ തോൽവിക്ക് കാരണം പി രാജീവ് എന്ന് കടുത്ത വിമർശനം. 

ജില്ലയിലെ സ്ഥാനാർഥി പട്ടിക നിർബന്ധിപ്പിച്ച് അംഗീകരിപ്പിച്ചു. പാർട്ടിയിൽ പിണറായിയുടെ ഏകാധിപത്യം എങ്കിൽ എറണാകുളത്ത് പി രാജീവിന്റെ ഏകാധിപത്യം ആണ് നടക്കുന്നത്. കടുത്ത വിമർശനം ഉന്നയിച്ചത് ഷാജി മുഹമ്മദ്, എം. അനിൽകുമാർ, ടി സി ഷിബു, കെ.അരുൺകുമാർ എന്നിവരാണ്. തെരഞ്ഞെടുപ്പിലെ വൻ തോൽവിയിൽ മുഖ്യമന്ത്രിയുടേയും, പാർട്ടി സെക്രട്ടറിയുടേയും ശൈലിക്കെതിരെയും എറണാകുളത്ത് വിമർശനം ഉയർന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും ജനങ്ങൾ ലാളിത്യം പ്രതീക്ഷിക്കുന്നു. ഭരണാധികാരി നക്ഷത്രമാണെന്നും ജനങ്ങൾ മണ്ണിൽ നിന്നു നോക്കി കാണേണ്ടവരാണെന്നുമുള്ള അവസ്ഥയുണ്ടാക്കരുത്. നേതാക്കൾ ജനങ്ങളിൽ നിന്നും അകന്നതായുള്ള പ്രതീതിയുണ്ടായി.മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരിച്ചടിയായി. വെള്ളാപ്പള്ളി കൂട്ടുകെട്ടിനെയും ജില്ലാസെക്രട്ടേറിയറ്റും, ജില്ലാകമ്മിറ്റിയും വിമർശിച്ചു. ജില്ലാകമ്മിറ്റിയോഗം ഇന്നും തുടരും.

CPM Kannur District Committee Faces Scathing Criticism:

CPM Kannur criticism highlights a significant disconnect between leaders and party cadre, with a failure to gauge public sentiment despite outreach programs. Similarly, CPIM Ernakulam sees sharp criticism leveled against P. Rajeev for alleged dictatorial tendencies and forcing candidate lists upon members, impacting election outcomes.