കെ എസ് രാധാകൃഷ്ണനെ പോലുള്ള വർഗ്ഗീയ മനോരോഗികൾ കെട്ടഴിഞ്ഞ് വിലസുന്നു എന്നതാണ് പിണറായി സർക്കാരിന്റെ ഏറ്റവും ദുരന്തപൂർണമായ സംഭാവനയെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. സതീശന്‍ മുഖ്യമന്ത്രിയാകുന്നതോടെ കേരളം മുസ്ലിം തീവ്രവാദികളുടെ ഭരണത്തിലേക്ക് പോകുമെന്ന കെ എസ് രാധാകൃഷ്ണന്‍റെ പ്രതികരണത്തിനെതിരെയാണ് ജിന്‍റോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
'സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ആസൂത്രിതമായി പണിയെടുക്കുന്ന ഇത്തരം മത തീവ്രവാദികളെ ചങ്ങലക്കിടുക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ ഏറ്റവും പ്രയാസകരമായ പണി. ഇയാളെപ്പോലുള്ള സാമൂഹ്യദ്രോഹികളുടെ നാവിന് വിലങ്ങിടാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം.
വെള്ള കുപ്പായത്തിനകത്ത് വർഗ്ഗീയ വിഷം പൊതിഞ്ഞുപിടിക്കുന്ന രാധാകൃഷ്ണൻ ഒരുകാലത്ത് കോൺഗ്രസ്സിന്റെ പ്രച്ഛന്നവേഷം ധരിച്ചിരുന്നു എന്നത് കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ എന്നിൽ ഭയവും ലജ്ജയുമുളവാക്കുന്നു. ഇയാൾ കുറേക്കാലം ഉരുട്ടിവിഴുങ്ങിയതിൽ ഇന്ന് ആക്ഷേപിക്കുന്ന കോൺഗ്രസ്സിന്റെയും ലീഗിന്റെയും മറ്റ് യുഡിഎഫ് കക്ഷികളുടെയും പ്രവർത്തകർ ചോരനീരാക്കി പ്രവർത്തിച്ചതിന്റെ വിയർപ്പുപ്പുണ്ട്.
സാമൂഹ്യദ്രോഹം വിളമ്പാമെന്നല്ലാതെ ഈ നാടിന്റെ നന്മയെ കരുതി നാലക്ഷരം കുറിക്കാൻ ഈ പുത്തൻകൂറ്റുകാരനായ സംഘിക്ക് കഴിയുമോ. ഈ മലിന മനസ്കൻ സംസ്കൃത സർവ്വകലാശാലയിൽ വി സി ആയിരുന്ന 2004 മുതൽ 2006 വരെ ആരായിരുന്നു വിദ്യാഭ്യാസ മന്ത്രി? പി എസ് സി ചെയർമാൻ ആയിരുന്നപ്പോൾ ആരുടേതായിരുന്നു സർക്കാർ?. അന്നൊക്കെ എന്തെങ്കിലും കുറവുണ്ടായതായി പറഞ്ഞില്ലല്ലോ. ഒന്നുകിൽ വയറ്റിപ്പിഴപ്പിന് വേണ്ടി ഇന്നത്തെ അഭിപ്രായം അന്ന് മനസ്സിലൊളിപ്പിച്ചു. അല്ലെങ്കിൽ അന്നില്ലാത്ത അഭിപ്രായം ഇന്ന് പറയുന്നത് ചെന്ന് കയറിയ ബിജെപിയെ തൃപ്തിപ്പെടുത്തി സംഘപരിവാറിന്റെ ചാണകവരളിയിൽ സത്ക്കാരം കിട്ടാനായി. രണ്ടായാലും ഒരു കാപട്യത്തിന്റെ പേരാണ് കെ എസ് രാധാകൃഷ്ണൻ.
എന്തായാലും ഉളുപ്പ് എന്നൊന്ന് ഇല്ലാത്ത രാധാകൃഷ്ണനെ പോലുള്ള അവസരവാദി ഭാഗ്യാന്വേഷികളെ നന്നാക്കിക്കളയാം എന്നൊരു വ്യാമോഹമില്ല. പക്ഷേ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഇതുപോലുള്ള സാംസ്കാരിക മാലിന്യങ്ങൾക്കെതിരെ, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പണിയെക്കുന്നതിനെതിരെ കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകണം. അഭ്യന്തര വകുപ്പിനെ ആർഎസ്എസ്സിന് അടിമ കൊടുത്ത സംഘാവിന്റെ ഭരണം മാറിയെന്ന്പോലിസ് തിരിച്ചറിയണം. മതേതര മലയാളികളെ ബോധ്യപ്പെടുത്തണം'. – ജിന്‍റോ തുറന്നടിച്ചു.