മുഖ്യമന്ത്രിയാക്കാത്തതില്‍ പരിഭവിച്ച രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് അനുഗ്രഹവും പിന്തുണയും വാങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. ചെന്നിത്തല തന്‍റെ ജ്യേഷ്ഠ സഹോദരനാണെന്നും തനിക്കൊപ്പമുണ്ടെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങള്‍ തമ്മില്‍ ഉപാധികളുടെ ആവശ്യമില്ല' എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇരുവരും ഒന്നിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ചെന്നിത്തല മന്ത്രിസഭയിലേക്കുണ്ടോ എന്ന ചോദ്യത്തിന് ആദ്യം അദ്ദേഹത്തിന്റെ അനുമതി ലഭിക്കണമെന്നും ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത് എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
സതീശന്‍ മുഖ്യമന്ത്രിയായതില്‍ താന്‍ സന്തോഷിക്കുന്നു. ഹൈക്കമാന്‍ഡ് തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. 'വിദ്യാര്‍ഥിയായിരിക്കവേ തന്നെ ചെന്നിത്തല എന്‍റെ നേതാവാണ്. ഇപ്പോഴുമാണ്. അദ്ദേഹത്തിന്‍റെ അനുഗ്രഹങ്ങളും പിന്തുണയും എനിക്കുണ്ട്. രണ്ട് സഹോദരങ്ങളുടെ കൂടിക്കാഴ്ചയാണിത്. മറ്റുകാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കു'മെന്ന് വി.ഡി.സതീശന്‍ വിശദീകരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരിഭവത്തിലായ ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്നായിരുന്നു ആദ്യം നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ സുപ്രധാന വകുപ്പുകളായ ധനകാര്യമോ ആഭ്യന്തരമോ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.