ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവെന്ന് ഇടുക്കി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.പി.മാത്യു. എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവുമില്ലെന്ന് മാത്യു തുറന്നടിച്ചു. സംഘടന നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഒരു സഹായവും എംപി ചെയ്യുന്നില്ല. പി.ടി.തോമസിന്‍റെ വിയര്‍പ്പും അധ്വാനവുമാണ് ഡീന്‍ കുര്യാക്കോസിന്‍റെ എംപി സ്ഥാനം. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് ആകരുതെന്നും സി.പി.മാത്യു പറഞ്ഞു.

മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി.ഡി.സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തിരുന്നു. ഇതിനെ ഡീന്‍ കുര്യാക്കോസ് പരസ്യമായി ചോദ്യംചെയ്തതാണ് ഡിസിസി പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്. ഡീനിന്‍റെ നടപടിയെക്കുറിച്ച് തല്‍ക്കാലം കൂടുതല്‍ പറയുന്നില്ലെന്നും സി.പി.മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ പദവികളില്‍ നിന്ന് നീക്കുമെന്ന ഡിസിസിയുടെ ഭീഷണി ക്രൂരമെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡീന്‍ കുര്യാക്കോസ് പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് നിയമസഭാതിരഞ്ഞെടുപ്പിലെ വിജയമെന്നും അത് ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാന്‍ നേതൃത്വത്തിന് കഴിയണം. അമിതമായി അച്ചടക്കത്തിന്‍റെ വാള്‍ ഉയര്‍ത്തിക്കാട്ടുന്ന കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും ഡീന്‍ പ്രതികരിച്ചു. 

ENGLISH SUMMARY:

A massive rift has surfaced in the Idukki Congress, with DCC President CP Mathew launching a scathing attack on MP Dean Kuriakose, calling him an "unripe leader." Mathew alleged that the MP provides no organizational support to the DCC and claimed that Dean holds his position solely due to the legacy and hard work of the late PT Thomas. The conflict escalated after Dean Kuriakose publicly criticized the DCC’s decision to take disciplinary action against workers who protested in favor of VD Satheesan for the Chief Minister’s post. Dean argued that Congress is not a rigid cadre party and should handle the emotional responses of workers with maturity rather than threats. This public spat highlights the growing internal friction within the district leadership following the recent election results.