പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തെ വിമര്‍ശിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ഭരണംപോയിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി തകര്‍ന്നിട്ടും ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിപക്ഷ നേതാവായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വര്‍ഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷനിരയെ നയിക്കാന്‍ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയന്‍ തന്നെ മുന്നില്‍നില്‍ക്കട്ടെ എന്നു യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
Also Read: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ
പിണറായി പ്രതിപക്ഷനേതാവാക്കിയില്ലെങ്കില്‍ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം പിണറായിക്കാണെന്ന് പാര്‍ട്ടി സമ്മതിച്ചതിന് തുല്യമാകും എന്നതും തീരുമാനത്തിന് കാരണമാണ്. പ്രതിപക്ഷനേതാവിനെ പിന്നെ തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു ആലോചനയെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടെ പിബി , കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു .
പിണറായിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സമിതിയിലുണ്ടായത്. പാര്‍ട്ടി കോട്ടകളിലെ പരാജയത്തില്‍ നേകൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംസ്ഥാന സമിതിയില്‍ പ്ലീനം വിളിക്കണമെന്ന ആവശ്യമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുനസംഘടന വേണമെന്ന അസാധാരണ ആവശ്യവും സംസ്ഥാന സമിതിലുണ്ടായി.