വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും സതീശന്‍റെ കടുത്ത വിമര്‍ശകനായിരുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി.നായര്‍. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കിയത് ‘കഷ്ടമായിപ്പോയി’ എന്നായിരുന്നു സുകുമാരന്‍ നായരുടെ ആദ്യപ്രതികരണം. അതിനോട് രാജു പി.നായരുടെ മറുപടി ഇങ്ങനെ: ‘യുഡിഎഫിന്റെ നൂറ്റിരണ്ട് സീറ്റിന് വേണ്ടിയുള്ള അങ്ങയുടെയും അങ്ങയുടെ കണിച്ചുകുളങ്ങരയിലെ സുഹൃത്തിന്റെയും സേവനം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മറ്റ് മൈക്ക്, ഫ്ളക്സ് ഒക്കെ പോലെ ഞങ്ങൾ അവസാനിപ്പിച്ചതാണ്. ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവുമ്പോൾ വീണ്ടും വിളിക്കാം. അത് വരെ നിങ്ങൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന യന്ത്രം നിർത്തി വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴ്‍വഴക്കങ്ങള്‍ പാലിച്ചില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സതീശനെയാണ് മുഖ്യമന്ത്രിയാക്കുന്നതെങ്കില്‍ എന്തിനാണ് ഇത്രയും താമസിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ മുസ്‍ലിം ലീഗ് ഇടപെട്ടത് ശരിയായില്ലെന്നും സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു.

യുഡിഎഫ് തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ രാജശില്‍പി കെ.സി.വേണുഗോപാല്‍ ആണെന്നായിരുന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം. രമേശ് ചെന്നിത്തലയും നന്നായി പ്രവര്‍ത്തിച്ചു. സതീശന്‍റെ പ്രവര്‍ത്തനങ്ങളെയും ചെറുതായി കാണാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമൂഹികനീതിക്കനുസരിച്ച് സതീശന്‍റെ ഭരിക്കട്ടെ. നല്ല ഭരണം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തേ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇടപെട്ടെന്നാരോപിച്ച് മുസ്‍ലിം ലീഗിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചിരുന്നു.

Congress Leader Raju P Nair Trolls NSS and SNDP Chiefs Over VD Satheesan's CM Selection:

Congress leader Raju P. Nair strongly criticized NSS General Secretary G. Sukumaran Nair and SNDP Yogam General Secretary Vellappally Natesan for their remarks regarding the selection of V.D. Satheesan as Chief Minister. Sukumaran Nair had expressed dissatisfaction, claiming that the Congress leadership violated traditions and that the Muslim League inappropriately interfered in the decision. In a sharp sarcastic response, Raju P. Nair stated that the services of both community leaders were only needed until the elections concluded and asked them to "turn off their machines" until the next election. Meanwhile, Vellappally Natesan offered a milder stance, labeling K.C. Venugopal as the architect of the UDF's victory while wishing Satheesan success in delivering good governance.