മോഹഭംഗം സംഭവിച്ച ചിലർ പാർട്ടിയുടെ മുഖമായിരുന്നു കൊണ്ട് സംഘ്പരിവാറിന്റെയും സി.പി.എമ്മിന്റെയും പണി എടുക്കുന്നുവെന്നു കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപിനെ ഉന്നമിട്ട് രാജു പി നായര്‍. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഉത്തരവാദിത്വത്തോടെ പെരുമാറണം. മാധ്യമങ്ങളിൽ വരുന്ന വാർത്ത കണ്ടല്ല അവർ പ്രതികരിക്കേണ്ടത്. സർക്കാരിന്റെ ഏതെങ്കിലും തീരുമാനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ആദ്യം ഉന്നയിക്കേണ്ടത് മുഖ്യമന്ത്രിയോടോ ബന്ധപ്പെട്ട മന്ത്രിയോടോ, കെ.പി.സി.സി. പ്രസിഡന്റിനോടോ ആണ്. അതിന് മതിയായ പരിഹാരമോ സമാധാനമോ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പുറത്ത് അറിയിക്കുന്നതൊക്കെ മനസ്സിലാക്കാം. പുറത്തു മാധ്യമങ്ങളിൽ എല്ലാം പറഞ്ഞതിന് ശേഷം ഉത്തരവാദിത്വപ്പെട്ടവരെ കണ്ടത് കൊണ്ട് മറ്റൊരു വാർത്ത കൂടി ഉണ്ടാക്കുക എന്നതല്ലാതെ മറ്റെന്തു ലക്ഷ്യമാണ് ഉള്ളതെന്നും രാജു പി നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'സ്വന്തം പാർട്ടിയിലെ ഒരു വിഷയം അഡ്രസ്സ് ചെയ്യേണ്ടത് ഇത്തരത്തിലാണോ? ഏതു നേതാവിനാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ തടസ്സമുള്ളത്? അപ്പോയ്ന്റ്മെന്റ് വേണ്ടത്? തിരുവനന്തപുരത്തുള്ളപ്പോൾ എത്രയോ നേതാക്കന്മാർ അദ്ദേഹത്തെ നേരിൽ കണ്ടു പോവുന്നുണ്ട്? എന്നിട്ട് അതിനെ ഹിന്ദു ഐക്യ വേദിയുടെ നേതാക്കന്മാർ കണ്ടതുമായി കൂട്ടി കെട്ടി പ്രതികരിക്കണമെങ്കിൽ അത് അത്ര നിഷ്കളങ്കമല്ല, അറിയാതെയെങ്കിലും  സി.പി.എമ്മിന്റെയും നിങ്ങളുടെയും അജണ്ട ഒരുമിക്കുന്നതാണെന്ന് മനസ്സിലാക്കണം. 

"ജീവൻ രക്ഷ പ്രവർത്തന" കേസിൽ എം.ആർ. അജിത്കുമാറിന്റെ പങ്ക് പുറത്തു വന്നത് എങ്ങനെയാണ്? ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അവർ നടത്തിയ അന്വേഷണത്തിൽ അല്ലെ റിപ്പോർട് തിരുത്തുന്നതിന് ഉൾപ്പടെ എം.ആർ. അജിത്കുമാറിന്റെ പങ്ക് പുറത്ത് വന്നത്?. ഈ അന്വേഷണ സംഘം മൊഴിയെടുത്തപ്പോൾ അല്ലെ പൊട്ടിക്കരഞ്ഞു കൊണ്ട് അവർ ചെയ്തതെല്ലാം പറയിപ്പിച്ചത്?. അജിത് കുമാറിനെ സംരക്ഷിക്കാൻ ആണെങ്കിൽ എന്തിനാണ് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും മുൻകൈ എടുത്ത് ആദ്യ യോഗത്തിൽ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അല്ലെങ്കിൽ അന്വേഷണം മർദ്ദകരിൽ മാത്രം പരിമിതപ്പെടുത്താമായിരുന്നല്ലോ. .

ജൂലൈ 31 വരെ അജിത്കുമാറിന് ഈ സർക്കാരിൽ നിന്ന് എന്തോ വലിയ സഹായം ചെയ്തു കിട്ടുമെന്ന് മാധ്യമങ്ങൾ പറയുന്നത് മനസ്സിലാക്കാം. അത് ഏറ്റ്പിടിക്കാൻ മാത്രം നിഷ്കളങ്കരനോ നമ്മുടെ നേതാക്കന്മാർ? ജൂലൈ 31 ന് അജിത്കുമാർ ഡി.ജി.പി. ആയതിന് ശേഷം പോരെ ഈ വികാരവിക്ഷോഭം? 

സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. ചിലർക്ക് അതിൽ അജണ്ടയുമുണ്ട്. അത് തിരിച്ചറിയാൻ കഴിവുള്ളവരാവണം നേതാക്കന്മാർ. ആ മാദ്ധ്യമങ്ങളുടെ തോളിൽ കയറിയിരുന്ന് ചെവി കടിക്കുന്നവർ ആരുടെ 'വക്താക്കൾ' ആണെന്ന് സ്വയം ചിന്തിക്കണം. മാധ്യമങ്ങളുടെയോ അതോ പ്രതിപക്ഷത്തിന്റെയോ?' – രാജു പി നായര്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപ് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു രാജു പി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.എസ്.യു അധ്യക്ഷനെ മുഖ്യമന്ത്രി പരിഗണിക്കണമെന്നും, ഹിന്ദു ഐക്യവേദിക്ക് കിട്ടിയ പരിഗണനയെങ്കിലും നല്‍കണമെന്നുമാണ് അനൂപ് തൃശൂരില്‍ പറഞ്ഞത്. 

 

വി.ആര്‍.അനൂപിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

 

പിഎം നിയാസ് എന്ന കെപിസിസിയുടെ ജനറൽ സെക്രട്ടറി, ഇലക്ഷൻ കമ്മിഷണർ ആയി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ബോധ്യം അവതരിപ്പിക്കാൻ, കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല. 

മുഖ്യമന്ത്രിയോട്  പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇത് വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും, ആർവി ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണ്ണമായ  സമീപനമെങ്കിലും, കെപിസിസിയുടെ ജനറൽ സെക്രട്രിയോടും,കെഎസ്.യുവിൻ്റെ സംസ്ഥാന പ്രസിഡന്‍റിനോടും കാണിക്കേണ്ടതായിരുന്നു എന്ന് ആണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്. 

അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ. ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ.  

ENGLISH SUMMARY:

Congress leader Raju P Nair's Facebook post criticizes fellow leader V.R. Anoop for his statements against the Chief Minister, suggesting Anoop's actions inadvertently serve the agendas of CPM and Sangh Parivar. Nair emphasizes that internal party matters should be addressed through official channels rather than public media statements.