പത്ത് ദിവസം നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വി.ഡി.സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി. കേരളത്തിന്‍റെ 24–ാം മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശന്‍. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനും വരാനിരിക്കുന്ന ഭരണകാലയളവിൽ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.

അതേസമയം, മുഖ്യമന്ത്രിയാക്കാത്തതില്‍ കടുത്ത അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് സൂചന. അവഗണിച്ചത് ശരിയായില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രതികരിക്കേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി തീരുമാനം സര്‍വാത്മനാ അംഗീകരിക്കുന്നുവെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സംതൃപ്തനെന്നും കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. താന്‍ അടിയുറത്ത പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും വി.ഡി.സതീശന് എല്ലാവിധ ആശംസകളുമെന്നും കെസി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും സജീവമായി ഉയർന്നിരുന്നു. എന്നാൽ, എ.കെ. ആന്റണി, വി.എം. സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ നൽകിയ റിപ്പോർട്ടുകളും കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളും സതീശന് അനുകൂലമായ ഘടകങ്ങളായി. ജനവികാരം അവഗണിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന പ്രിയങ്ക ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിർദ്ദേശവും തീരുമാനത്തിൽ നിർണായകമായി.

ENGLISH SUMMARY:

V.D. Satheesan has been announced as the new Chief Minister of Kerala after nine days of discussions and uncertainty. This decision was made by the Congress High Command, considering public sentiment and coalition interests.