കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം നീളുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പെരുമ്പാവൂരിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബെന്നി ബഹനാൽ എംപിയെ ഒരുസംഘം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം.

തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും ആഘോഷങ്ങൾക്കു പകരം പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ നേതാക്കൾ പ്രതിസന്ധിയിലാകുന്ന കാഴ്ചയാണ് എറണാകുളം ജില്ലയിൽ പലയിടത്തും കാണുന്നത്. പെരുമ്പാവൂരിനടുത്ത് മുടിക്കലിൽ വച്ചാണ് ബെന്നി ബഹനാൻ എംപിയെ പ്രവർത്തകർ വളഞ്ഞത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് പ്രവർത്തകർ ചോദിച്ചറിഞ്ഞു. വി.ഡി. സതീശന് എംപിമാർ പൂർണ്ണ പിന്തുണ നൽകണമെന്നും സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്നും അവർ എംപിയോട് ആവശ്യപ്പെട്ടു.

പരമാവധി ശാന്തനായാണ് ബെന്നി ബഹനാൻ ഇതിനോട് പ്രതികരിച്ചത്. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും പ്രവർത്തകർ പൂർണ്ണമായും തൃപ്തരായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബെന്നി ബഹനാൻ മാത്രമല്ല, ജില്ലയിലെ മറ്റ് ജനപ്രതിനിധികളും സമാനമായ സാഹചര്യം നേരിടുന്നുണ്ട്:

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിനിടെ സജീന്ദ്രനെയും പ്രവർത്തകർ തടഞ്ഞുനിർത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനുള്ള പിന്തുണയെക്കുറിച്ച് ചോദിച്ചിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎയെ പ്രവർത്തകർ തടയുന്ന തരത്തിലുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നെങ്കിലും, അത് തിരഞ്ഞെടുപ്പ് സമയത്തെ പ്രാദേശിക തർക്കമാണെന്നും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പിന്നീട് വിശദീകരണം നൽകി.

എറണാകുളം ജില്ലയിലെ പ്രവർത്തകർക്കിടയിൽ വി.ഡി. സതീശനോടുള്ള ആഭിമുഖ്യം ശക്തമാണ്. ഹൈക്കമാൻഡ് പ്രതിനിധികൾ ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടുന്ന ഘട്ടത്തിൽ, തങ്ങളുടെ വികാരം കൂടി പരിഗണിക്കണമെന്ന സമ്മർദ്ദ തന്ത്രമാണ് താഴെത്തട്ടിലുള്ള പ്രവർത്തകർ പയറ്റുന്നത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്ന ഓരോ നിമിഷവും പാർട്ടി പ്രവർത്തകർക്കിടയിലെ അസ്വസ്ഥത വർദ്ധിപ്പിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് പെരുമ്പാവൂരിൽ കണ്ടത്. ഹൈക്കമാൻഡ് തീരുമാനം ഇന്നുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, പെരുമ്പാവൂരിൽ പ്രവർത്തകർ തടഞ്ഞു എന്ന വാർത്ത നിഷേധിച്ച് ബെന്നി ബെഹനാൻ എംപി. തന്നെ ആരും തടഞ്ഞിട്ടില്ലെന്നും ഒരു കല്യാണ വീട്ടിൽ വെച്ച് പരിചയമുള്ള കോൺഗ്രസ് പ്രവർത്തകർ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

 "തടയുക" എന്ന വാക്ക് അപകീർത്തികരമാണ്. മൂന്ന് ദിവസം മുൻപ് നടന്ന ഒരു സംഭവത്തെ ഇപ്പോൾ നടന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ വളരെ സൗഹാർദ്ദപരമായാണ് തന്നോട് സംസാരിച്ചത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും സാധാരണക്കാരായ മലയാളികൾക്കും വലിയ ആകാംക്ഷയുണ്ട്. ആ ആകാംക്ഷയുടെ ഭാഗമായി പ്രവർത്തകർ വന്ന് അഭിപ്രായം പറഞ്ഞു. അത് സ്വാഭാവികമാണ്. പ്രവർത്തകർ അഭിപ്രായം ചോദിക്കുമ്പോൾ അവരെ സ്വാന്ത്വനിപ്പിക്കുകയും ഹൈക്കമാൻഡ് തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയുമാണ് ഒരു നേതാവ് ചെയ്യേണ്ടത്. താൻ അത് തന്നെയാണ് ചെയ്തത്.

ENGLISH SUMMARY:

Kerala next cm selection uncertainty is growing, leading to protests among Congress workers. The demand for V D Satheesan to be the next Chief Minister is gaining momentum, with workers actively voicing their opinions to elected representatives.