കേരളത്തിൽ പുതിയ സർക്കാരിന്റെ രൂപീകരണം അനിശ്ചിതമായി നീളുന്നതിനെതിരെ വിമർശനവുമായി ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം നിർഭാഗ്യകരമാണെന്നും ഇത് വോട്ടർമാർക്കിടയിൽ വലിയ നിരാശയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ മുസ്ലിം ലീഗിന് പിന്നാലെയാണ് ഇപ്പോൾ ആർഎസ്പിയും പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
ഹൈക്കമാൻഡ് എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം അത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും പ്രേമചന്ദ്രൻ മുന്നറിയിപ്പ് നൽകി. ഘടകക്ഷികൾ പരസ്യമായി അഭിപ്രായം പറയേണ്ടതില്ലെന്ന യുഡിഎഫ് കൺവീനർ എം.എം. ഹസ്സന്റെ പ്രസ്താവന ആർഎസ്പിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നാണ് പ്രമേചന്ദ്രന്‍റെ നിലപാട്.
തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസം പിന്നിടുമ്പോഴും ഒരു തീരുമാനത്തിലെത്താൻ കഴിയാത്തത് ഘടകക്ഷികളെ ആശങ്കപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം കെപിസിസി ഓഫീസിലെ ആവേശം ഏതാണ്ട് പൂർണ്ണമായും കെട്ടടങ്ങിയ അവസ്ഥയിലാണ്. വൻ വിജയത്തിന് പിന്നാലെ ആഘോഷങ്ങൾക്കായി സജ്ജീകരിച്ചിരുന്ന കൂറ്റൻ സ്ക്രീനുകളും പന്തലുകളും ഇപ്പോൾ ആളെഴിഞ്ഞ നിലയിലാണ്. മുൻപ് പ്രവർത്തകരുടെ വലിയ ഒഴുക്ക് ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ചില ജനറൽ സെക്രട്ടറിമാർ മാത്രമാണ് എത്തുന്നത്. ഓരോ ദിവസവും ചാനൽ വാർത്തകൾ നോക്കി തീരുമാനം വരുമെന്ന് കരുതി കാത്തിരിക്കുന്ന പ്രവർത്തകർ നിരാശരാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിലവിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല. എപ്പോഴും കൃത്യമായ നിലപാട് വ്യക്തമാക്കാറുള്ള കെ. മുരളീധരൻ പോലും മൗനം പാലിക്കുന്നത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു. ഒന്നാം നമ്പർ കാറിൽ ആരെത്തുമെന്ന് കാത്തിരിക്കുന്ന ഭരണസിരാകേന്ദ്രത്തിനും ജനങ്ങള്‍ക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു തീരുമാനം ഇന്നതുന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ