കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ സംസ്ഥാനത്തെ ജനവികാരം രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്ന് വി.എം.സുധീരന്‍ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. എനിക്ക് ബോധ്യപ്പെട്ട എല്ലാ കാര്യവുമറിയിച്ചു. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ഥ്യമാണെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ബുധനാഴ്ച അറിയാം. അന്തിമ കൂടിയാലോചനകള്‍ ബുധനാഴ്ച രാവിലെ മുതല്‍ തുടങ്ങും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം. കെ.സി– വിഡി പക്ഷങ്ങള്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് രാഹുല്‍ഗാന്ധി ശ്രമമാരംഭിച്ചത്. കേരളത്തില്‍ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം അദ്ദേഹം കേട്ടു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണം എന്ന് കൂടുതല്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ഗാന്ധി അവസാനവട്ട ചര്‍ച്ച നടത്തും.
സമൂഹമാധ്യമങ്ങളല്ലല്ലോ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കേണ്ടത് എന്നു കൂടി പറഞ്ഞു തലമുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ഗാന്ധിയെ കണ്ട നേതാക്കളില്‍ ഭൂരിപക്ഷവും പറഞ്ഞത് പാര്‍ട്ടിയുടെ പരമ്പരാഗത രീതി പിന്തുടരണം അഥവാ നിയമസഭാ കക്ഷിിലെ ഭൂരിപക്ഷം മാനിക്കണം. കേരളത്തില്‍ കണ്ട നിരത്തിലെ പ്രതിഷേധങ്ങള്‍ ചില തല്‍പരകക്ഷികള്‍ സൃഷ്ടിച്ചവയാണ്. കെ.സി. വേണുഗോപാലിനെതിരെ ഹീനമായ വ്യക്തിഹത്യയ്ക്ക് കളമൊരുക്കിയതും ഇവര്‍ തന്നെ. ഇത്തരംപ്രവണതകള്‍ വച്ചുപൊറുപ്പിക്കരുത്. എന്നാല്‍ സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങള്‍ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു കെ.മുരളീധരന്‍റെ പക്ഷം .ഇത് അവഗണിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും.
ജനവികാരം അവഗണിക്കരുത് എന്ന് ഇന്നലെ പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. വൈകിയെത്തിയ വി.എം സുധീരനും ഫോണിലൂടെ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് വ്യക്തമാക്കി. ഇനിയുള്ളത് മല്ലികാര്ജുന്‍ ഖര്‍ഗെയും എ.കെ ആന്‍റണിയുമായി രാഹുല്‍ഗാന്ധി നടത്തുന്ന ചര്‍ച്ചകളാണ്. പിടിവലി ശക്തമായതിനാല്‍ പ്രതിഷേധത്തിന്‍റെ ശക്തി കുറയ്ക്കാന്‍ പറ്റുന്ന തീരുമാനമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.
മുഖ്യമന്ത്രിപ്രഖ്യാപനം വൈകുന്നതിലെ അതൃപ്തിക്കിടെ മുസ്ലിംലീഗിന്റെ സംസ്ഥാന നേതൃയോഗം നാളെ പാണക്കാട്ട് ചേരും. സാധ്യതാപ്പട്ടികയിലെ മൂന്നുപേരെയും ഒരുമിച്ചിരുത്തി ചര്‍ച്ചനടത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. അതിനിടെ, ചര്‍ച്ച അനന്തമായി നീണ്ടുപോകുന്നത് ജനാധിപത്യത്തോടുള്ള പരിഹാസവും വെല്ലുവിളിയുമാണെന്ന് സമസ്ത കുറ്റപ്പെടുത്തി