മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം ഡൽഹിയിൽ. സോണിയാഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ കൂടിക്കാഴ്ച ആരംഭിച്ചു. വർക്കിംഗ് പ്രസിഡന്റഉമാർ, കെപിസിസി മുൻ അധ്യക്ഷൻമാർ, അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നു. രാഹുൽ ഗാന്ധി നേതാക്കളിൽ നിന്നും നിലപാട് തേടും. ഘടകകക്ഷി നേതാക്കളുമായും എ.കെആന്റണിയുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കും. ജനവികാരം കണക്കിലെടുക്കണം എന്ന നിലപാടിലാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ബംഗളൂരുവിലുള്ള മല്ലികാർജുൻ ഖർഗെ വൈകീട്ട് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈകൊണ്ട് പ്രഖ്യാപിക്കുക . എം.എല്‍.എമാരുടെ അഭിപ്രായം മാനിക്കണമെന്ന് ചര്‍ച്ചയ്ക്ക് പുറപ്പെടുംമുന്‍പ് കെ.സുധാകരന്‍ പറഞ്ഞു
Also Read: അനാവശ്യ ചർച്ചകള്‍ നടത്തി മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടരുത്; ലീഗിന് അതൃപ്തി
നിഷ്പക്ഷനായിരുന്ന എം.എം.ഹസന്‍ കെ.സി.വേണുഗോപാലിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ല. സമൂഹമാധ്യമങ്ങള്‍ പറയുന്നതുപോലെ പാര്‍ട്ടിക്ക് പോകാനാവില്ല. മല്‍സരിക്കാത്തവര്‍ മുന്‍പും മുഖ്യമന്ത്രിയായിയിട്ടുണ്ടെന്നും ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ച് ഘടകക്ഷികള്‍ക്ക് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തീരുമാനം ഉടനുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വേവുവോളം കാത്തിരിക്കാമെങ്കില്‍ ആറുവോളം കാത്തിരിക്കാമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് കെ മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു. ഘടകകക്ഷികളെ ഹൈക്കമാൻഡ് ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും എല്ലാ കാര്യങ്ങളും സംസാരിക്കാനാണ് ഡൽഹിക്ക് പോകുന്നതെന്നും മുരളീധരൻ പറഞ്ഞു. ഡൽഹിക്ക് വിമാനം കേറുന്നതിനു മുൻപായി തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടതില്‍ വീഴ്ച സമ്മതിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തി. വിജയത്തിന് മങ്ങല്‍ ഏല്‍പിച്ചുവെന്ന് തുറന്ന് പറഞ്ഞ സണ്ണി ജോസഫ്
വെളുത്തപുക ഉടന്‍ പ്രതീക്ഷിക്കാമെന്നും പറഞ്ഞു.
അതേസമയം, ഫ്ലെക്സിലെ കെസി വേണുഗോപാലിന്റെ ചിത്രത്തിന്റെ മുഖത്ത് കറുത്ത സ്പ്രേ അടിച്ചു. കണ്ണൂർ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച ഫ്ലെക്സിലെ കെ സിയുടെ മുഖമാണ് വികൃതമാക്കിയത്. കെ. സി വേണുഗോപാലിനൊപ്പം രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ കെ സിയുടെ ചിത്രത്തിൽ മാത്രമാണ് കറുത്ത സ്പ്രേ അടിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിലായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്