മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്‌ലിം ലീഗിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. അനാവശ്യ ചർച്ചകൾ ചെയ്ത് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നതിനു പകരം മൂന്നു പേരെയും ഒന്നിച്ചിരുത്തി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ലീഗിന്റെ നിർദ്ദേശം.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. നിർണായക കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് കെപിസിസി മുൻ പ്രസിഡന്റുമാരുടെയും നിലവിലെ വർക്കിങ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടും. പ്രധാന ഘടകകക്ഷി നേതാക്കളുമായും എ.കെ.ആന്റണിയുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കും.
ജനവികാരം കണക്കിലെടുക്കണം എന്ന നിലപാടിലാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം അവർ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാനാവില്ല എന്ന അഭിപ്രായം ഘടകകക്ഷികൾ പറയും. ഇന്ന് രാത്രിയോ നാളെ രാവിലെയോ തീരുമാനം പ്രഖ്യാപിക്കും. ഇന്നത്തെ ചർച്ചയിലാകട്ടെ കെ.സി., വി.ഡി ,ആർ.സി പക്ഷങ്ങൾ ആശങ്കയിലാണ്.
മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം നാളെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു . ഘടകകക്ഷികളെ ഹൈക്കമാൻഡ് ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും എല്ലാ കാര്യങ്ങളും സംസാരിക്കാനാണ് ഡൽഹിക്ക് പോകുന്നതെന്നും മുരളീധരൻ പറഞ്ഞു. ഡൽഹിക്ക് വിമാനം കേറുന്നതിനു മുൻപായി തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.