കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിന്നേക്കും. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയാറായില്ല. തീരുമാനമെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തിയേക്കും. കേരളത്തിൽ നിന്നെത്തിയ നേതാക്കൾ ഇന്ന് ഖർഗെയെ കാണും.
രാഹുൽ ഗാന്ധിയുടെ വിശ്വസ്ഥനായ കെ.സി വേണുഗോപാലും പരിഗണന പട്ടികയിൽ ഉള്ളതാണ് അദ്ദേഹത്തെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. തീരുമാനം ആയ ശേഷമേ കേരള നേതാക്കളെ കാണൂ എന്നാണ് സൂചന. അതേ സമയം നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ കീഴ് വഴക്കങ്ങൾ പിന്തുടരണം എന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയേക്കും. കേരളത്തിൽ നിന്നെത്തിയ നേതാക്കൾ ഇന്ന് മല്ലികാർജുൻ ഖർഗെയെ കാണും. വി.ഡി സതീശൻ ,രമേശ് ചെന്നിത്തല ,സണ്ണി ജോസഫ് , കെപിസിസി വർക്കിങ് പ്രസിഡന്റുമാര്‍ എന്നിവരാണ് ഡൽഹിയിലുള്ളത്.
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരത്തിലും, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി. കൊച്ചിയിൽ ഐഎൻടിയുസി നിർമ്മാണ തൊഴിലാളികളാണ് സതീശനായി രംഗത്തെത്തിയത്. പറവൂർ കുന്നുകര, ചെറായി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നടന്ന പ്രകടനങ്ങളിലും പ്രാദേശിക നേതാക്കളടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കളമശ്ശേരി ടിവിഎസ് കവലയിൽ സതീശനെ പിന്തുണച്ച് കൂറ്റൻ ഹോർഡിങ് ഉയർന്നു. നയിക്കാൻ അറിയുമെങ്കിൽ ഭരിക്കാനും അറിയാമെന്നും, വി.ഡി അല്ലാതെ മറ്റാര് എന്നീ വാചകങ്ങൾ അടങ്ങിയ ഹോർഡിങ് ആണ് ഉയർത്തിയത്. ഇൻകാസ് ദുബായ് എറണാകുളം ജില്ലാ കമ്മിറ്റി എന്ന പേരിലാണ് കളമശ്ശേരി കോൺഗ്രസ് ഓഫിസിന് തൊട്ടടുത്ത് ഹോർഡിങ് സ്ഥാപിച്ചത്.
അതേസമയം, വി.ഡി. സതീശന് വേണ്ടി തെരുവിലിറങ്ങിയ കോഴിക്കോട് ജില്ലയിലെ പ്രവർത്തകർക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ഇക്കാര്യത്തിൽ ആലോചിച്ചു മാത്രം തീരുമാനമെടുക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. കോഴിക്കോട് നഗരത്തിന് പുറമേ തൊട്ടിൽപ്പാലം, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി, ചേളന്നൂർ എന്നിവിടങ്ങളിലും വി.ഡി സതീശനെ അനുകൂലിച്ച് പ്രകടനങ്ങൾ നടത്തിയിരുന്നു. വി.ഡി സതീശൻ മാത്രമാണ് മുഖ്യമന്ത്രി ആകാൻ അർഹൻ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഴയെ പോലും അവഗണിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ. അച്ചടക്ക നടപടിക്കെതിരെ ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തിയതോടെയാണ് തിടുക്കത്തിലുള്ള നടപടി വേണ്ടെന്ന ധാരണയിലേക്ക് ഡിസിസി എത്തിയത്
കൂലിക്ക് ഇറക്കിയ ആളെ കണ്ട് ഞങ്ങൾ പേടിച്ച് പോയി എന്ന് പറഞ്ഞേക്ക് എന്ന വാചകവുമായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്ത് പോസ്റ്റർ. വി.ഡി സതീശനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിലാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. നേരത്തെ സെക്രട്ടേറിയറ്റ് പരിസരത്ത് സ്ഥാപിച്ചിരുന്ന കെ.സി വേണുഗോപാലിന്റെ ഫ്ലക്സ് നശിപ്പിച്ച നിലയിൽ കണ്ടിരുന്നു. ഇതിന് സമീപത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.