vd-satheesan-ramesh-chennithala-kc-venugopal

മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി പറഞ്ഞു. ഡൽഹിയിലെ ചർച്ചകൾ പൂർത്തിയാക്കി വി.ഡി.സതീശനും സണ്ണി ജോസഫും ഇന്ന് കേരളത്തിലേയ്ക്ക് മടങ്ങി. രമേശ് ചെന്നിത്തല നാളെ പുലര്‍ച്ചെ മടങ്ങും. . ഹൈക്കമാൻഡ് തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുമെന്ന് യോഗശേഷം നേതാക്കൾ പ്രതികരിച്ചു. 

നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ തെരുവ് യുദ്ധത്തിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മൂന്നുനേതാക്കളും തെരുവ് യുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു. 

ഇനി ചര്‍ച്ചയില്ലെന്നും ഉചിതമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും കേരളത്തിലേക്ക് തിരിക്കുമ്പോള്‍ കേരള ഹൗസില്‍ വച്ച് സണ്ണി ജോസഫ് പറഞ്ഞു.  

ഫ്ലക്സുകള്‍ നീക്കണമെന്ന നേതാക്കളുെട നിര്‍ദേശം അനുസരിച്ച് അണികള്‍. മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തിന് തൊട്ടുപിന്നാലെ വിവിധ നേതാക്കൾക്ക് അനുകൂലമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കി തുടങ്ങി. കെപിസിസി ഓഫീസിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കെ.സി. വേണുഗോപാലിന്‍റെ കൂറ്റൻ ഫ്ലക്സ് ആണ് കെ സി അനുകൂലികൾ ആദ്യം എടുത്തുമാറ്റിയത്. തുടർന്ന് വെള്ളയമ്പലത്തും സെക്രട്ടേറിയറ്റിനു  മുമ്പിലും സ്ഥാപിച്ചിരുന്ന എല്ലാ നേതാക്കളുടെയും ഫ്ലക്സുകൾ നീക്കി. 

വലിയ ഫ്ലക്സുകൾ വാഹനങ്ങളിൽ കയറ്റിക്കൊണ്ട് പോകുന്നതും കാണാമായിരുന്നു. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നത് ആഘോഷിക്കാൻ കെപിസിസിയിൽ തമ്പടിച്ചിരുന്ന കെ.സി.പക്ഷക്കാരാണ് ഫ്ലക്സ് മാറ്റാൻ ഇറങ്ങിത്തിരിച്ചത്.