മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനമറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി കേരളം. നിരീക്ഷകരും–രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചില്ല. പ്രശ്നപരിഹാരം സാവകാശത്തിലെന്ന് സൂചന. കേരളത്തിലെ നേതാക്കള്‍ക്കും സമയം അനുവദിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചകഴിഞ്ഞ് ഹരിയാനയിലെ പൊതുപരിപാടികളില്‍ പങ്കെടുക്കും.
ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് മൂന്നു നേതാക്കളെയും പിന്തുണയ്ക്കുന്നവർ. എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡിന് സമർപ്പിക്കും.
'ചിത്രം' പുറത്ത്
സണ്ണി ജോസഫ് ഉള്‍പ്പെടെ ഏതാനും എംഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനെന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നു. എഐസിസി നിരീക്ഷകനായെത്തിയ മുകുള്‍ വാസ്നിക്കിന്റെ കൈവശമുണ്ടായിരുന്ന പേപ്പറിലാണ് എംഎല്‍എമാരുടെ പേരും പിന്തുണ ആര്‍ക്കെന്നതും വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ദിരാഭവനില്‍ ഇന്നലെ എംഎല്‍എമാരുടെ അഭിപ്രായം കേട്ടശേഷം പുറത്തുവരുന്നതിനിടയിലുള്ളതാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ചിത്രം. സണ്ണി ജോസഫ്, സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി.ഒ.മോഹനന്‍, ഉഷ വിജയന്‍, ടി.സിദ്ദിഖ് എന്നിവരാണ് ചിത്രത്തില്‍ കെ.സിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണന്‍ രമേശിനും കെ.സിക്കും പിന്തുണ നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചുവെന്ന തരത്തിൽ പുറത്തുവന്ന ചിത്രത്തെ കുറിച്ച് അറിയില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് പറയാനാവില്ല. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ മുസ്ലിം ലീഗിനും അവകാശമുണ്ടായതു കൊണ്ടാണ് അവരെയും കേട്ടതെന്ന് സന്ദീപ് വാര്യർ മനോരമ ന്യൂസിനോട് പറഞ്ഞു.
അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് ശശി തരൂര്‍. കേരളത്തിലെ സാഹചര്യം ഖര്‍ഗെയെ ധരിപ്പിച്ചെന്ന് തരൂര്‍ വ്യക്തമാക്കി.
തീരാതെ ഫ്ലെക്സ് പോര്
സംസ്ഥാനത്ത് ഫ്ളെക്‌സ് പോര് തുടരുകയാണ്. കെ.സിയുടെ ഫ്ലെക്സില്‍ കരി ഓയിൽ ഒഴിച്ച് പ്രതിഷേധമുണ്ടായി. കെപിസിസി ഓഫിസിന് മുന്നിലെ ഫ്ലെക്സിലാണ് കരി ഓയിൽ ഒഴിച്ചത്. തലസ്ഥാനത്ത് വി.ഡി. സതീശനായും ഫ്ലെക്സ് ബോര്‍ഡുകളുണ്ട്. നാച്ചുറല്‍ ചോയിസ് എന്ന വാചകത്തിലാണ് ഫ്ലെക്സ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി.ഡി.സതീശനെ പിന്തുണച്ച് കണ്ണൂരില്‍ വീണ്ടും ഫ്ലെക്സുകള്‍ ഉയര്‍ന്നു. കേരളം വോട്ട് ചെയ്തത് ഈ ക്യാപ്റ്റനെ കണ്ടാണെന്നും മുഖ്യമന്ത്രിക്കസേര ജനനായകന് നല്‍കണമെന്നും ആണ് ഫ്ലെക്സിലെ വാചകം. ഇരിക്കൂര്‍ ശ്രീകണ്ഠാപുരത്താണ് പുതിയ ഫ്ലെക്സുകള്‍ ഉയര്‍ന്നത്.
അതേസമയം, ആരാവണം കേരളത്തിന്റെ മുഖ്യമന്ത്രി എന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും. ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും നേതൃത്വത്തെ ധരിപ്പിക്കും. റിപ്പോർട്ട് പരിശോധിക്കുന്ന അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഉടൻ കേരള നേതാക്കളെ സമവായ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിക്കും. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. ഞായറാഴ്ച പ്രഖ്യാപനം നടത്താനാണ് ശ്രമം.
അതിനിടെ, ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് മൂന്നു നേതാക്കളെയും പിന്തുണയ്ക്കുന്നവർ. പ്രശ്നം തെരുവിലെത്തിച്ചതിൽ കടുത്ത അതൃപ്തിയിലാണ് രാഹുൽ ഗാന്ധി. കെ.സി വേണുഗോപാൽ പിൻമാറിയാൽ അദ്ദേഹം നിർദേശിക്കുന്ന പേരാവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. തുടർന്ന് മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കാനുള്ള ചർച്ച തുടങ്ങും.
കമന്‍റ് ബോക്സില്‍ നിറഞ്ഞ് വി.ഡി സതീശൻ
രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമൻ്റ് ബോക്സില്‍ നിറഞ്ഞ് വി.ഡി സതീശൻ. കേരളത്തിലെ യുഡിഎഫ് തരംഗ വിജയത്തിൽ അഭിനന്ദനം അറിയിച്ചു മേയ് 4ന് ഇട്ട പോസ്റ്റിൽ വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ടുള്ള കമന്‍റുകളുടെ പ്രവാഹം. ഒന്നര ലക്ഷത്തോളം കമന്‍റുകൾ ആണ് ഇതുവരെ വന്നത്. രാഹുൽ ഗാന്ധിയുടെ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതികരണങ്ങൾ ആയിരിക്കും ഇത്.
വി.ഡി സതീശൻ മാത്രമാണ് മുഖ്യമന്ത്രിയാകാൻ അർഹൻ, ജനം അർപ്പിച്ച വിശ്വാസത്തെ നിരാശപ്പെടുത്തരുത്, മുഖ്യന്ത്രിയായി ജനം ആഗ്രഹിക്കുന്നത് വി.ഡി സതീശനെ, വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് നെഹ്രുവിയൻ സോഷ്യലിസ്റ്റ് ദർശനം ഉയർത്തിപ്പിടിച്ച നേതാവാണ് വി.ഡി സതീശൻ തുടങ്ങി ആയിരക്കണക്കിന് കമന്‍റുകൾ ആണ് പോസ്റ്റിന് താഴെ പ്രവഹിക്കുന്നത്.
പ്രകടനങ്ങളും ശക്തം
കോഴിക്കോട് വിവിധ ഭാഗങ്ങളിൽ വിഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. കുറ്റ്യാടി, മുക്കം, അത്തോളി, പേരാമ്പ്ര എന്നിവിടങ്ങളിൽ ആണ് രാത്രിയിൽ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ അല്ലാതെ മറ്റാരെയെങ്കിലും പരിഗണിച്ചാൽ തുടർ പ്രതിഷേധങ്ങൾ നടത്തുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അത്തോളിയിൽ യുഡിഎഫ് യുവജന സംഘടന പ്രവർത്തകരാണ് പ്രതിഷേധിച്ചത്.