കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ തകൃതിയായി നടക്കവേ വി.ഡി.സതീശന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍ കമന്‍റ് പൂരം. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്ത അഭിനന്ദന കുറിപ്പിന് താഴെയാണ് മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ വേണമെന്ന് കമന്‍റുകളുമായി ആളുകളെത്തുന്നത്. മെയ് നാലിന് പങ്കിട്ട പോസ്റ്റിന് ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകളും അത്രത്തോളം തന്നെ കമന്‍റുകളുമുണ്ട്.

‘വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കൂ; ഗാലറിയിൽ നിന്ന് കയ്യടിച്ചയാളെ ഒഴിവാക്കൂ..., വി.ഡി. അല്ലാതെ മറ്റാരുമല്ല, ജനങ്ങൾ വിഡിഎസിനെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു; അതിനാലാണ് നൂറിലധികം സീറ്റുകള്‍ നല്‍കിയത്, വി.ഡിയാണ് കേരള ജനതയുടെ സ്പന്ദനം, വി.ഡി.സതീശൻ എന്ന ഒറ്റ പേര് മാത്രം...’ എന്നിങ്ങനെ നീളുന്നു പോസ്റ്റിന് താഴെയുള്ള കമന്‍റുകള്‍. സനൽ കുമാര്‍ ശശിധരനും നടി ലാലി അടക്കമുള്ള ചില സിനിമാ താരങ്ങളും കമന്റുകളുമായി എത്തുന്നുണ്ട്.

2021 വരെ എൽഡിഎഫിനായാണ് താന്‍ വോട്ട് ചെയ്തതെന്നും എൽഡിഎഫിന്റെ തുടര്‍ച്ചയായ ഇസ്‌ലാമോഫോബിക് നിലപാടുകളും ഭൂരിപക്ഷ പ്രീണനവും മൂലമാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. ന്യൂനപക്ഷങ്ങൾക്കായി വി.ഡി.സതീശൻ സ്വീകരിച്ച നിലപാട് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായി വന്നില്ല എങ്കിൽ അത് ദശലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരോടുള്ള വെല്ലുവിളിയാകും എന്നാണ് ലാലിയുടെ കമന്‍റ്. നേരത്തെ വി.ഡിയെ പിന്തുണച്ച് പോസ്റ്റും ലാലി പങ്കുവച്ചിരുന്നു.

വി.ഡി സതീശനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് നടന്‍ സിദ്ദിഖും പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ ജനങ്ങളുടെ ആഗ്രഹം കൂടി മനസിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരേ ഒരു പേര് മാത്രം. വി.ഡി സതീശന്‍ എന്ന ജനനായകന്‍റെ പേര് എന്നും സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം, നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി. 63 നിയുക്ത എംഎൽഎമാരെയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട എഐസിസി അവരുടെ പിന്തുണ ആർക്കാണെന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ കക്ഷിയിൽ 47 പേരുടെ പിന്തുണ കെ.സി.വേണുഗോപാൽ പക്ഷം അവകാശപ്പെട്ടപ്പോൾ, 35 പേരുടെ പിന്തുണ കിട്ടിയെന്ന് സതീശൻ പക്ഷം പറഞ്ഞു. 23 പേർ പിന്തുണച്ചു എന്നാണ് ചെന്നിത്തല പക്ഷത്തിന്റെ അവകാശവാദം. നാളെ തന്നെ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്ന് നിരീക്ഷകർ പറഞ്ഞു.

ENGLISH SUMMARY:

As Congress deliberates on its Chief Ministerial candidate for Kerala, a massive social media campaign has emerged in favor of VD Satheesan. Thousands of comments have flooded Rahul Gandhi’s official Facebook page, with supporters and celebrities like actor Siddique and Lali PM urging the high command to pick Satheesan for his strong stance against communalism. While the public sentiment seems to favor Satheesan, internal party dynamics show a divided house with camps led by KC Venugopal, Satheesan, and Ramesh Chennithala claiming varying levels of MLA support. The AICC observers have completed individual consultations with the 63 newly elected MLAs and are expected to submit their report to the high command tomorrow. Ultimately, the final decision rests with the AICC President, as the legislative party has passed a single-line resolution authorizing the central leadership to name the leader.