നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളതെന്നും, എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു എന്നും പിണറായി ഫെയ്സ്ബുക് കുറിപ്പില്‍ വ്യക്തമാക്കി. 

മൂന്നാംവട്ടം  പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ലെന്നും തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ടെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള  പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എൽഡിഎഫിന്‍റെ ലക്ഷ്യമെന്ന് പിണറായി വിജയന്‍ പറയുന്നു. കേരളത്തിന്‍റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എൽഡിഎഫിന്‍റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തിൽ നിന്നും സഖാക്കളിൽ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കുമെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനങ്ങൾ എടുക്കുമെന്ന് പിണറായി വ്യക്തമാക്കി. യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് — ഇവയെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. 

ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ തയ്യാറാണ്. ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി, കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എൽഡിഎഫ് മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി  പോരാട്ടം തുടരുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

Pinarayi Vijayan's statement on Kerala election results accepts the mandate with respect and congratulates the UDF on their victory. He emphasizes that despite the unexpected outcome for the LDF, their continued connection with the people and commitment to development and secularism will guide their future actions.