തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ തനിക്ക് അഭിവാദ്യമര്‍പ്പിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട ബോര്‍ഡുകള്‍ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍. പരാജയത്തില്‍ നിരാശരായവരുടെ പ്രതികരണം കാണുന്നുണ്ടെന്നനും ഇത് പാര്‍ട്ടി രീതിയല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പരാജയത്തില്‍ ഗൗരവമായ തിരുത്തല്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും ചില പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള പരസ്യ വിമര്‍ശനം ശരിയല്ലെന്നും പി.ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു.

 അണികളുടെ  ഭാഗത്ത് നിന്നും ഇത്തരത്തിലുണ്ടാകുന്ന അഭിപ്രായ പ്രകടനങ്ങള്‍ വലതുപക്ഷക്കാര്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും കുറിപ്പില്‍ പറയുന്നു. തന്‍റെ പടംവച്ചുള്ള ബോര്‍ഡുകള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യണമെന്നും തന്നെ പ്രകീര്‍ത്തിച്ചും മറ്റു ചിലരെ ഇകഴ്ത്തിയും നടക്കുന്ന പ്രചാരണങ്ങളും കുറിപ്പുകളും അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്. അണികളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെയാണ് അറിയിക്കേണ്ടതെന്നും മറിച്ചുള്ള ചര്‍ച്ചകള്‍ ആശാസ്യമല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫ്ലക്സുയര്‍ത്തലും പരസ്യ വിമര്‍ശനവും കോണ്‍ഗ്രസ് രീതിയാണെന്നും വിജയവും പരാജയവും നേരിട്ടുള്ളവരാണ് കമ്യൂണിസ്റ്റുകാരെന്നും പി.ജയരാജന്‍ ഓര്‍മിപ്പിക്കുന്നു. 

ഇന്ന് മാത്രം കണ്ണൂരില്‍ രണ്ടിടത്താണ് പി.ജയരാജന് വേണ്ടി അണികള്‍ ഫ്ലക്സുകള്‍ ഉയര്‍ത്തിയത്. പാപ്പിനിശേരി ടൗണിലെ ഫ്ലക്സ് ബോര്‍ഡില്‍ 'വാക്കുകളല്ല, വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്‍റെ കരുത്താണ്' എന്നാണ് മുദ്രാവാക്യം. എം.വി.ഗോവിന്ദന്‍റെ സ്വന്തം മണ്ഡലമായ തളിപ്പറമ്പിലെ കുറുമാത്തൂരിലും ജയരാജനു വേണ്ടി ഫ്ലക്സുയര്‍ന്നു. ജില്ലാ സെക്രട്ടറിയായി പി.ജയരാജനും സംസ്ഥാന സെക്രട്ടറിയായ എം.സ്വരാജും വരണമെന്നാണ് ആവശ്യം. കുറുമാത്തൂര്‍ സഖാക്കളുടെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

കുറിപ്പിങ്ങനെ: 'നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ച് കൊണ്ട് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു.  പരാജയത്തിൽ  നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു.ഇത്തരം കാര്യങ്ങളിൽ സിപിഎം സംസ്ഥാന കമ്മിറ്റി കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കുവാനാണ്  ഈ പോസ്റ്റ്. 

 ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാൻ കൊണ്ടു പിടിച്ച ശ്രമം കോൺഗ്രസ്സുകാർ നടത്തുന്നുണ്ട്. കോൺഗ്രസ്സ് പ്രത്രി സന്ധിയിലായപ്പോൾ "ഇന്ദിരയെ വിളിക്കൂ സോണിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കു" എന്ന മുദ്രവാക്യം ഉയർത്തി. അത്  കോൺഗ്രസ് സംസ്കാരമാണ്.  അതിൽ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി.  കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റി തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സിപിഎം.  ഈ പാർട്ടി തെരത്തെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല.  ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ  വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സംന്ദർഭങ്ങളിലും അവയെ വസ്തു നിഷ്ടമായി വിലയിരുത്താറുമുണ്ട്.  വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും  പരിശോധിച്ച് തുടർ നടപടികളും കൈക്കൊള്ളാറുമുണ്ട്.  

ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്  അതീവ ഗൗരവാവഹമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും.അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ്  ചിലർ കൈക്കൊള്ളുന്നത്.  പരാജയത്തിന്റെ കാരണക്കാരാണെന്ന്  അവർ  കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതു പക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച്  പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.  ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി  നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക- ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കുക.  ഉൾപാർട്ടി ചർച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത്  പിൻതുടരുക. ബംഗാളിൽ സിപിഎം വീണ്ടും കുതിച്ച് കയറാനുള്ള  ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി. കേരളത്തിലെ  ഇപ്പോഴത്തെ  പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും. ലാൽ സലാം സഖാക്കളെ!'

ENGLISH SUMMARY:

Senior CPM leader P. Jayarajan has sternly directed his supporters to remove all flex boards featuring his image that appeared across Kerala following the party’s election defeat. In a detailed Facebook post, he clarified that such "person cult" activities and public glorification are traits of Congress culture and have no place in a revolutionary movement like the CPM. Jayarajan urged party workers to refrain from criticizing other leaders on social media, noting that such internal rifts only provide ammunition to political opponents. He emphasized that the party leadership is already conducting a serious evaluation of the results and that necessary corrective measures will be taken through proper organizational channels. Reiterating his loyalty to the party, he expressed confidence that the CPM would overcome this temporary crisis just as it is currently making a comeback in West Bengal.