വി.ഡി.സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊച്ചി നെട്ടൂരിലും, കണ്ണൂര്‍ ഇരിട്ടിയിലും, തൃശൂർ പെരുമ്പിലാവിലും സതീശന്‍ അനുകൂലികള്‍ പ്രകടനം നടത്തി. ‘പട നയിച്ചവന്‍ നാട് ഭരിക്കട്ടെ’ എന്ന ബാനറുകളുമായിട്ടായിരുന്നു പ്രകടനം. യുഡിഎഫിനെ വന്‍ വിജയത്തിലേക്ക് എത്തിച്ച വി.ഡി.സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി.ഡി.സതീശനെ പിന്തുണച്ച് ഒരുവിഭാഗം ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി. വി.ഡി.സതീശനാകും മുഖ്യമന്ത്രിയെന്ന് താനും ഓരോ സാധാരണക്കാരനും ഉറച്ച് വിശ്വസിച്ചുവെന്നും അത് തകർക്കരുതെന്നും നടൻ സിദ്ദിഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. ദീർഘവീക്ഷണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സ്ഥിരതയുടെയും വിഡിഎസ് എന്നായിരുന്നു ജോയ് മാത്യുവിന്‍റെ പോസ്റ്റ്. അർഹനായവനെ അനർഹനാക്കരുതെന്ന് സംവിധായകൻ ഭദ്രനും പറഞ്ഞു. മുഖ്യമന്ത്രി വിഡിഎസ് എന്ന് ഹരീഷ് പേരടി കുറിച്ചപ്പോൾ, പത്തടി നടന്നിട്ട് നൂറടി പുറകോട്ട് ഓടരുതെന്നായിരുന്നു ഫിലിം ചേംബർ പ്രസിഡന്‍റ് അനിൽ.വി.തോമസിന്‍റെ പ്രതികരണം.
കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ആലപ്പുഴയിൽ ഡിസിസി ഓഫിസിന് മുന്നിലടക്കം പലയിടത്തും ബാനറുകൾ ഉയര്‍ന്നു. കെ.സി.വേണുഗോപാലിനെ എംപി ആക്കിയത് മുഖ്യമന്ത്രിയാകാനല്ല. എ.ഡി.തോമസിനെ ജയിപ്പിച്ചത് രാജിവയ്ക്കാനല്ല. ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുത് എനിങ്ങനെയാണ് ബാനറുകളിലുള്ളത്. കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്നവരെത്തി ബാനറുകളും പോസ്റ്ററും നീക്കം ചെയ്തു.
കെപിസിസിക്ക് മുന്നില്‍ കെ.സി.വേണുഗോപാലിനായി കെ.സുധാകരന്‍ അനുകൂലികള്‍ ഫ്ലക്സ് വച്ചു. മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍ എംഎല്‍എമാരുമായി എഐസിസി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഫ്ലക്സ് വച്ചത്. കെസിയെ പിന്തുണച്ച് കളമശേരിയില്‍ വച്ച ഫ്ലെക്സ് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ.സി.വേണുഗോപാലിനെ കെ.സുധാകരന്‍ പിന്തുണച്ചതിന് പിന്നാലെ സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനടിയില്‍ വി.ഡി.സതീശന്‍റെ അണികള്‍ രോഷപ്രകടനം നടത്തി. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു കമന്‍റ്സ്.