Image: Facebook,Actor Siddique

Image: Facebook,Actor Siddique

 നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ മുഖ്യമന്ത്രിയാര് എന്ന ചോദ്യവും ചര്‍ച്ചയുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയ്ക്കാധാരം. മൂന്നുപേരെയും പിന്തുണച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഫ്ലക്സുകളും നോട്ടീസുകളും ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടെ നടന്‍ സിദ്ദിഖിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക്’ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ തങ്ങളെല്ലാവരും അല്പം ബേജാറിലാണെന്നാണ് സിദ്ദിഖ് പറയുന്നത്. പിണറായി വിജയനോടും അദ്ദേഹത്തിന്‍റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ്‌ ഇത്തവണ നേടിയ വിജയത്തിന്‍റെ പ്രധാനകാരണം എന്ന് നേതാക്കള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും അത് മാത്രമല്ല കാരണമെന്നാണ് സിദ്ദിഖ് പറയുന്നത്. ജനങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടിയാണ് ഈ വിജയത്തിന്റെ പിന്നിലുള്ളതെന്ന കാര്യം ആരും വിസ്മരിക്കരുതെന്നാണ് നടന്‍ സിദ്ദിഖ് പറയുന്നത്.

‘ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും’ എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകർക്കരുതെന്നാണ് സിദ്ദിഖ് ആവശ്യപ്പെടുന്നത്.

അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല–എന്നാണ് സിദ്ദിഖ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

 

 

Siddique's Facebook Post Sparks Debate on Kerala CM Choice:

News reports on the intense discussions within the Congress party regarding the next Chief Minister of Kerala following the assembly elections. Actor Siddique's Facebook post highlights the public's faith in a leader who stands firm on secular principles and doesn't succumb to pressure, urging against internal power struggles.