ഇന്ത്യാസഖ്യം വിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാസഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും പാര്‍ട്ടി വക്താവായ ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യമുപേക്ഷിച്ച് ടിവികെയ്ക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് നടപടിക്ക് പിന്നാലെ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അസ്വസ്ഥത ഉടലെടുത്തിരുന്നു. ' നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് വഞ്ചിച്ചതില്‍ പാര്‍ട്ടി അണികള്‍ അസ്വസ്ഥരാണ്. അവരുടെ വികാരങ്ങളെ മാനിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യാ സഖ്യത്തിന്‍റെ തുടര്‍യോഗങ്ങളില്‍ ഡിഎംകെ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഇനി ഡിഎംകെ പങ്കെടുക്കില്ല' എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെയും പൊതുജനങ്ങള്‍ക്ക് മെച്ചമുണ്ടാകുന്ന കാര്യങ്ങള്‍ക്കും ഡിഎംകെ എംപിമാര്‍ മാറ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കുമെന്നും ഡിഎംകെ അറിയിച്ചു. തമിഴ്നാട്ടില്‍ തെറ്റിപ്പിരിഞ്ഞതോടെ ഇന്ത്യാസഖ്യത്തില്‍ നിന്ന് ഡിഎംകെ വിട്ടതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ തിങ്കളാഴ്ച നിശ്ചയിച്ച യോഗത്തിലേക്കെത്താന്‍ ഡിഎംകെയ്ക്ക് ക്ഷണം ലഭിച്ചതും.
സഖ്യം വിട്ടതിന് പിന്നാലെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കടുത്ത് നിന്ന് മാറിയിരിക്കാനുള്ള ഡിഎംകെ എംപിമാരുെട അഭ്യര്‍ഥന ലോക്സഭാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം അഭ്യര്‍ഥിച്ച് കനിമൊഴിയാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയത്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യം പരിഗണിക്കമെന്നായിരുന്നു അഭ്യര്‍ഥന. അതേസമയം, പുതിയ ക്രമീകരണം ഇതുവരെയും നിലവില്‍വന്നിട്ടില്ല.
ഡിഎംകെ സഖ്യത്തില്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് 28 സീറ്റില്‍ മല്‍സരിച്ചെങ്കിലും അഞ്ച് സീറ്റിലാണ് ജയിച്ചത്. ടിവികെ അമ്പരപ്പിക്കുന്ന ജയം നേടിയതിന് പിന്നാലെ വിജയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും രണ്ട് മന്ത്രിമാരുമായി മന്ത്രിസഭയില്‍ പങ്കാളികളാകുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ നടപടി ചതിയും വഞ്ചനയുമാണെന്ന് ഡിഎംകെ തുറന്നടിക്കുകയും ചെയ്തിരുന്നു. 108 സീറ്റ് ലഭിച്ച ടിവികെ കോണ്‍ഗ്രസിന്‍റെയും വിസികെയുടെയും ലീഗിന്‍റെയും സിപിഐ, സിപിഎം പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.