അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മല്‍സരിപ്പിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ. സിപിഎം സെക്രട്ടേറിയറ്റിലാണ് ശൈലജ കടുത്ത അതൃപ്തി അറിയിച്ചത്. പേരാവൂരില്‍ മല്‍സരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്നും ശൈലജ പറഞ്ഞു. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്. പേരാവൂരില്‍ സണ്ണി ജോസഫിനോട് 14,553 വോട്ടുകള്‍ക്കാണ് ശൈലജ തോറ്റത്. കഴിഞ്ഞ തവണ മട്ടന്നൂരില്‍ അന്‍പതിനായിരത്തിന് മുകളില്‍ വോട്ടിനാണ് ശൈലജ ജയിച്ചത്. ഇത്തവണ മണ്ഡലം മാറ്റിയത് വിവാദമായിരുന്നു.

 

Also Read: ‘പിണറായി വേണ്ട’; പ്രതിപക്ഷ നേതാവായി പുതുമുഖങ്ങള്‍ വരട്ടെയെന്ന് സി.പി.ഐ നേതൃയോഗം

അതേസമയം, സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. രാത്രി പതിനൊന്നരയോളം നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദമായ വിലയിരുത്തല്‍ ഉണ്ടായത്. അടിത്തറ നഷ്ടമായ അവസ്ഥയിൽ ആണ് സിപിഎം  ഉള്ളതെന്ന് നേതൃത്വം മനസിലാക്കണമെന്നാണ് ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. പാർട്ടിക്കുണ്ടായ കനത്ത തോൽവിയിൽ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തിരുത്തലുകൾ പോരെന്നും കാരണം എന്തെന്ന് അന്വേഷിക്കേണ്ടത് കീഴഘടകങ്ങളിൽ നിന്നാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു.

 

അണികളുടെ വികാരം മനസിലാക്കാൻ കഴിയാതെ പോയതാണ് പാർട്ടി നേതൃത്വത്തിന് സംഭവിച്ച പരാജയം എന്നും അതു മനസ്സിലാക്കി മുന്നോട്ടു പോകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.  വിശദമായി നിലപാട് രേഖപ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി ആവശ്യപ്പെട്ടതോടെയാണ് യോഗം രാത്രിയിലും നീണ്ടത്. കണക്കുകള്‍ നിരത്തി തോല്‍വിയെ ലഘൂകരിക്കാന്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും ജനങ്ങളോട് പറയുമ്പോഴും വീഴ്ച ഉണ്ടായത് പറയണമെന്നും ബേബി ആവശ്യപ്പെട്ടു. താഴേത്തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കുമെന്നും ആഴത്തില്‍ പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്നായിരുന്നു തിരിച്ചടിക്ക് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായിരുന്നില്ല.

ENGLISH SUMMARY:

KK Shailaja's dissatisfaction regarding her forced candidacy in Peravoor, despite knowing it was unwinnable, has been expressed. This comes amidst a broader assessment by the CPM Secretariat about the party's severe state and loss of its grassroots support.