'പൊളിച്ചാൽ പൊളിയാത്ത കോട്ടകളൊന്നും കേരളത്തിലില്ലടേയ്'. ഇടത് കോട്ടയെന്ന് പേരുകേട്ട വാമനപുരം മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചു കയറിയ സുധീർ ഷാ പാലോട് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിളിച്ചു പറഞ്ഞത് ഇക്കാര്യമായിരുന്നു. ഇത്കേട്ട പലരും പറഞ്ഞു. 'ചെക്കന് ഈ മണ്ഡലത്തിന്റെ സ്വഭാവം എന്താണെന്ന് ശരിക്ക് അറിയില്ലെന്ന് തോന്നുന്നു'.
പക്ഷേ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി!. യു.ഡി.എഫ് ക്യാമ്പുകളിൽ അടങ്ങാത്ത ആഹ്ലാദം, എൽ.ഡി.എഫ് ക്യാമ്പുകളിൽ ഞെട്ടൽ. സുധീർ ഷായുടെ ജയം ഉൾക്കൊള്ളാൻ അവിടുത്തെ എൽഡിഎഫ് പ്രവർത്തകർക്ക് അത്രയെളുപ്പം കഴിയില്ലായിരുന്നു. നാലര പതിറ്റാണ്ടിനു ശേഷം വാമനപുരം മണ്ഡലം സുധീർ ഷായെന്ന യുവ നേതാവിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു.
1971ൽ കല്ലറ കുഞ്ഞു കൃഷ്ണപിള്ളയാണ് അവസാനമായി യുഡിഎഫിന് വേണ്ടി മത്സരിച്ചു ജയം നുണഞ്ഞത്. എന്നാൽ 1977-ൽ ഇടതു സഹയാത്രികനായിരുന്ന കല്ലറ വാസുദേവ പിള്ളയോട് അദ്ദേഹത്തിന് പരാജയപ്പെടേണ്ടി വന്നു. പിന്നീട് ഇങ്ങോട്ട് ഇടതുവശം ചേർന്നായിരുന്നു വാമനപുരത്തിൻ്റെ റൂട്ട്.
സ്ഥാനാർഥി നിർണയത്തിൽ മുൻ ഡി.സി.സി പ്രസിഡൻ്റ് പാലോട് രവിയുടെ പേരാണ് അവസാന നിമിഷം വരെയും കേട്ടിരുന്നത്. എന്നാൽ പെട്ടെന്നാണ് സുധീർ ഷായെ ഭാഗ്യം തുണച്ചത്. പോസ്റ്റൽ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളിക്കായിരുന്നു നേരിയ ഭൂരിപക്ഷമെങ്കിലും ഇ.വി.എം വോട്ടെണ്ണൽ ആരംഭിച്ചതോടെ സുധീർ ഷാ മുന്നേറുകയായിരുന്നു.
2021ൽ ഡി.കെ. മുരളി 10242 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ ഇത്തവണ സുധീർഷാ 12, 185 വോട്ടിനാണ് ആധികാരിക ജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ യു.ഡി.എഫിന് 62, 895 വോട്ടാണ് ആകെ ലഭിച്ചതെങ്കിൽ, ഉത്തവണ അത് 73, 590 ആയി വർധിച്ചു.
നിലവിൽ ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ അംഗവും പാർലമെൻ്ററി പാർട്ടി നേതാവും ഡി.സി.സി വൈസ് പ്രസിഡൻ്റുമാണ് സുധീർ ഷാ.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അദ്ദേഹത്തിന് വഴിയൊരുക്കിയത്. ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി രാഷ്‌ട്രീയം തുടങ്ങിയ സുധീർ ഷാ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ യൂണിയൻ ഭാരവാഹി, കെ.എസ്.യു ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.