നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് വീഴ്ചയെന്ന് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള സിപിഎമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. നേതൃത്വം ഇടപെടേണ്ട പ്രശ്നങ്ങളില്‍ ഇടപെട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയമടക്കം പലയിടത്തും പാളിയെന്നും കണ്ണൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു. യാഥാർത്ഥ്യം അംഗീകരിച്ചു മുന്നോട്ടു പോകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ മൂന്ന് നേതാക്കൾ. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും പിണറായി മൗനം തുടർന്നു. വിമർശങ്ങൾക്ക് പിണറായി മറുപടി പറഞ്ഞില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സി.പി.എമ്മിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്നും ഇടതുപക്ഷരാഷ്ട്രീയം ജനങ്ങളുടെ ഹൃദയപക്ഷത്തിലാണെന്നും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. ചോദ്യങ്ങള്‍ തുടങ്ങിയതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഗോവിന്ദന് മടങ്ങുകയായിരുന്നു. ‘ഇപ്പോള്‍ സി.പി.എമ്മിനെതിരെ വലിയ പ്രചാരണം നടക്കുന്നു. അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന സംസ്ഥാനമാണ് കേരളം. ഇടതുപക്ഷരാഷ്ട്രീയം ജനങ്ങളുടെ ഹൃദയപക്ഷത്തിലാണ്. തിരുത്തലുകൾ വരുത്തി പാർട്ടി മുന്നേറും’– ഗോവിന്ദന് പറഞ്ഞു.
ഇടത് കോട്ടകൾ പോലും തകർത്തുള്ള തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വങ്ങൾക്കെതിരെ പാർട്ടിക്കുള്ളിൽ വികാരം ശക്തമാണ്. തോൽവിയുടെ ഉത്തരവാദികൾ പിണറായി വിജയനും എം.വി.ഗോവിന്ദനും ആണെന്ന് വിമർശിക്കുന്ന ഫ്ലെക്സുകളും പോസ്റ്റുകളും ഇന്നലെ കണ്ണൂർ ജില്ലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവ്, വി എൻ വാസവൻ എന്നിവർ ഉൾപ്പെടെ 13 മന്ത്രിമാരാണ് തോറ്റത്. ഇടതുമുന്നണിയുടെ കനത്ത പരാജയത്തിൽ സിപിഐ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.