മുന്നണി രാഷ്ട്രീയത്തിന്‍റെ ഭാഗമായി മുഖ്യധാരയില്‍ ഇടംനേടാന്‍ ശ്രമിച്ച ട്വന്‍റി ട്വന്‍റി എന്ന രാഷ്ട്രീയ പരീക്ഷണം തകര്‍ന്നടിഞ്ഞു. കരുത്തുണ്ടെന്ന് കരുതിയ കുന്നത്തുനാട്ടില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവച്ചില്ല. ബിജെപി സഖ്യം വോട്ടായി പരിണമിച്ചില്ല. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായി. ട്വന്‍റി ട്വന്‍റിയുടെ ഭാവിയും എന്‍ഡിഎയിലെ പ്രാതിനിധ്യവും ചോദ്യചിഹ്നമായി മാറി.
ചക്ക വീണു. ചുളയില്ലാതെ. മാമ്പഴം മാറി ചിഹ്നം ചക്കയാക്കി. മുന്നണി പ്രവേശനം നടത്തി കേരള രാഷ്ട്രീയത്തില്‍ കരുത്ത് കാട്ടാന്‍ ഇറങ്ങിയ ട്വന്‍റി ട്വന്‍റിക്കും സാബു എം ജേക്കബിനും കച്ചവടം നഷ്ടമായിരുന്നു. മല്‍സരിച്ചത് 19 സീറ്റില്‍. 6 സീറ്റ് വിജയിക്കുമെന്നായിരുന്നും അവകാശവാദം. ബിജെപിക്ക് സ്വാധീനമുള്ള തൃപ്പൂണിത്തുറ അടക്കം സീറ്റുകള്‍ ട്വന്‍റി ട്വന്‍റിക്ക് വാരിക്കോരി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടക്കമുള്ളവരുടെ പ്രചാരണരംഗത്തെ അകമഴിഞ്ഞ പിന്തുണ. എന്നിട്ടും അക്കൗണ്ട് സംപൂജ്യം. കുന്നത്തുനാട് മണ്ഡലത്തില്‍ കഴിഞ്ഞതവണ ട്വന്‍റി ട്വന്‍റി ഒറ്റയ്ക്ക് നേടിയ വോട്ട് ഇത്തവണ ബിജെപിക്കൊപ്പം നിന്നിട്ടുപോലും നേടാന്‍ കഴിഞ്ഞില്ല. താരങ്ങളെ സ്ഥാനാര്‍ഥികളാക്കി ഇറക്കിയുള്ള പരീക്ഷണം ജനം ഏറ്റെടുത്തില്ല. ട്വന്‍റി ട്വന്‍റിക്ക് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടി. സീറ്റ് വിഭജനത്തില്‍ അര്‍ഹമായതില്‍ കൂടുതല്‍ പരിഗണന ട്വന്‍റി ട്വന്‍റിക്ക് നല്‍കിയെന്ന ബിജെപിയ്ക്കുള്ളിലെ അതൃപ്തിയും തരിച്ചടിയായി. 2012ല്‍ തുടങ്ങിയ സംഘടന. 2015ല്‍ കിഴക്കമ്പലം പഞ്ചായത്ത് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ട്വന്‍റി ട്വന്‍റിയുടെ നിലനില്‍പ്പ് തന്നെ ചോദ്യമുനയിലാണ്. ഐക്കരനാട് കിഴക്കമ്പലം തിരുവാണിയൂര്‍ പഞ്ചായത്തുകളുടെ ഭരണം പാര്‍ട്ടിയുടെ കൈകളിലാണ്. തല്‍ക്കാലം അതിന് വെല്ലുവിളിയില്ല. എങ്കിലും തോല്‍വിയോടെ പാര്‍ട്ടിയില്‍ കലഹം കൂടുതല്‍ ശക്തമാകും. എന്‍ഡിഎയില്‍ തുടരുമെന്ന് ട്വന്‍റി ട്വന്‍റി പറയുമ്പോഴും മുന്നണിക്കകത്ത് സ്വരച്ചേര്‍ച്ച വെല്ലുവിളിനേരിടും.