Untitled design - 1

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം, സിപിഎം നേതാവ് എം സ്വരാജ് ഫെയ്സ്ബുക്കിലിട്ട കുറിപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. അച്ചടി ഭാഷയിൽ പറയുന്നു എന്നതൊഴിച്ചാൽ എം വി ഗോവിന്ദന്റെ നിലവാരം തന്നേയുള്ളൂ സ്വരാജിന്‍റെ നിലപാടിനെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

'പലതരം പിണറായിസ്റ്റുകളിൽ ഒരെണ്ണം മാത്രം. അല്ലെങ്കിൽ പത്ത് വർഷത്തെ സ്വയം മാർക്കിട്ട പ്രോഗ്രസ്സ് കാർഡ് കീറിയെറിഞ്ഞ് ഫാസിസ്റ്റ് വിജയനെ പിണറായിയിലേക്ക് പറപ്പിച്ച ജനങ്ങളെ ഇപ്പോഴും കൊഞ്ഞനം കുത്തുമോ. ഇവരുടെ തെമ്മാടിത്തരങ്ങൾ കൊണ്ടല്ല, ജനങ്ങൾക്ക് എന്തോ കുഴപ്പമുള്ളത് കൊണ്ടാണ് തോറ്റത് എന്നുള്ള രീതിയിൽ അക്ഷരം നിരത്തിയാൽ സ്വന്തം സഖാക്കൾ പോലും സ്വരാജിന്റെ വാദം അംഗീകരിക്കുമോ. ന്യായീകരിച്ചു മെഴുകുന്നതിനും ഒരു പരിധിയും മര്യാദയുമില്ലേ. എത്ര പരന്ന വായനക്കാരൻ ആയാലും ജനമനസ്സും സഖാക്കളുടെ മനസ്സാക്ഷിയും വായിക്കാൻ അറിയില്ലെങ്കിൽ വെറും വേനൽ ചൂടിൽ വാടുന്ന പൂമരൻ മാത്രമാകും. 

സ്വരാജിന്റെ തന്നെ വാദങ്ങൾ എടുത്താൽ, 

1. നിങ്ങൾ ഏറ്റുവാങ്ങിയത് തികച്ചും അർഹമായ ഒരു പരാജയമാണ്. ജാതിമത കോളങ്ങൾക്ക് അതീതമായി സാധാരണക്കാരെ കാണാത്ത പാർട്ടിയും സർക്കാരുമായി തോറ്റുപോയതിന്റെ വിളംബരം മാത്രമാണ് സ്വരാജ് നിങ്ങളുടെ തോൽവി. ജനവികാരം കേൾക്കാതെ വീണ്ടും വീണ്ടും വെറുപ്പിച്ച നയപരിപാടികളിലൂടെ മനുഷ്യരെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തതിന്റെ പാപഭാരമാണ് നിങ്ങൾ ഇപ്പോൾ ചുമക്കുന്നത്. 

2. കനത്ത പരാജയമാണ് എൽ ഡി എഫിന് ഉണ്ടായിരിക്കുന്നതെന്നും യുഡിഎഫിന് മികച്ച വിജയവും നേടാനായി എന്നും സമ്മതിച്ചു തന്നതിൽ നന്ദിയുണ്ട്. സാധാരണ നിങ്ങളെ തോൽപ്പിക്കുന്നതിലും പ്രയാസമാണ് തോറ്റുവെന്ന് സമ്മതിപ്പിക്കുന്നത്. ഇന്നെന്തായാലും എളുപ്പത്തിൽ തോൽവി സമ്മതിക്കുമാറ് കനത്ത തോൽവി തന്ന ജനങ്ങളോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.  

3. എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നുവെന്നും എൽഡിഎഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് എന്നുമുള്ളത് നിങ്ങൾ കുറച്ചുപേരുടെ മാത്രം, ഭരണത്തിന്റെ ഓരം പറ്റി നിന്നവരുടെ മാത്രം കാഴ്ചപ്പാടാണ്. സ്വന്തം പാർട്ടിക്കാർ പോലും ഇക്കാര്യം സമ്മതിക്കുന്നത് കൊണ്ടല്ലേ പാർട്ടിക്കോട്ടകൾ പോലും തകർന്നുവീണത്. എന്നിട്ടും ഈ പരാജയത്തെ അനർഹമായ പരാജയമായി മാത്രം വിലയിരുത്തുന്നത് ചെങ്കൊടിയേന്തി ഉൾപ്പാർട്ടി ശുദ്ധികാലശത്തിന് ഇറങ്ങിയ സ്വന്തം പ്രവർത്തകരെ അന്യവത്ക്കരിക്കുന്നതാണ്. നിങ്ങളും പോളിഷ് ചെയ്യപ്പെട്ട എം വി ഗോവിന്ദൻ മാത്രമാണ് എന്നവർ ഉറക്കെപ്പറയുന്ന കാലവും വിദൂരമല്ല. 

4. നാടിനേയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിൻ്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടർമാർ കണക്കാക്കിയില്ല എന്നുള്ളത് താങ്കളുടെ മാത്രം തോന്നലാണ്. എകെജി സെന്ററിലെ ദേശാഭിമാനി വായനയും കൈരളി കാണലും അല്പം നിർത്തി ജനങ്ങളിലൂടെ, സാധാരണ സഖാക്കളിലൂടെ ഒന്ന് ഒന്നിറങ്ങി നടന്നാൽ മതി. തോന്നൽ മാറിക്കോളും. "രണ്ടു തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ " എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം എന്നതിനെക്കാളും വലിയ ഒരു അരാഷ്ട്രീയ പ്രസ്താവന മറ്റൊന്നുണ്ടോ നിഷ്കളങ്ക പിണറായിസ്റ്റേ? 

5. പത്തു കൊല്ലക്കാലത്തെ കേരള ഭരണം ആരും മറന്നു പോയില്ല എന്ന് മാത്രമല്ല, മറന്നത് പോലും  ഓർത്തെടുത്തു എന്നും താങ്കൾക്ക് ഒഴികെ ഒരുമാതിരിപ്പെട്ട എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. 

6. തിരഞ്ഞെടുപ്പു ചരിത്രത്തിൽ നിങ്ങൾ നേരിടുന്ന പരാജയങ്ങൾ എല്ലാം അനർഹമാണെന്നും ജയങ്ങൾ തികച്ചും അർഹമാണെന്നും കരുതുന്നത് തന്നെയാണ് മറ്റൊരു അരാഷ്ട്രീയത. ആയിരം തെറ്റുകൾക്ക് ഇടയിൽ അര ശരിയെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ആയിരം കോടിയുടെ പരസ്യം കൊടുക്കുന്നത് പോലും മുഴുപ്പട്ടിണിക്കാരന്റെ പെൻഷൻ കാശ് കൊണ്ടാണെന്ന് മറക്കുന്നതും ജനവിരുദ്ധതയാണ്.  

7. ജനപക്ഷ ഭരണപക്ഷമാകുന്നതിൽ പരാജയപ്പെട്ട നിങ്ങൾ ഇനി ക്രിയാത്മക പ്രതിപക്ഷമായി മാറിയില്ലെങ്കിലും എല്ലാത്തിനെയും തടയുന്ന, തകർക്കുന്നവരായി പ്രവർത്തിക്കാതിരുന്നാൽ മതി. നാളെ മുതൽ ഹർത്താലും അരിവാളുമായി തെരുവിൽ കലാപമുണ്ടാക്കാതിരുന്നാൽ മതി.'– ജിന്‍റോ സ്വരാജിനെ പരിഹസിച്ചുകൊണ്ട് കുറിച്ചു.  

ENGLISH SUMMARY:

Malayala Manorama Online News reports on the recent Kerala election results where the LDF faced a significant defeat. Congress leader Jinto John criticized CPM leader M Swaraj's Facebook post regarding the election outcome, highlighting differing perspectives on the party's performance and future strategies.