കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന് ആശ്വസിക്കാവുന്ന വിജയമാണ് അഴിക്കോട് മണ്ഡലത്തിലേത്. കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം നല്ല വിയര്‍പ്പൊഴുക്കി. വോട്ടിങ് മെഷിന്‍ എണ്ണി കഴിഞ്ഞപ്പോള്‍ വെറും രണ്ടു വോട്ടായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി സുമേഷിന്‍റെ ഭൂരിപക്ഷം. പിന്നീട് പോസ്റ്റല്‍ വോട്ടുകള്‍ കൂടി ചേര്‍ന്നതോടെയാണ് 349 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സുമേഷിന് മണ്ഡലം നിലനിര്‍ത്താനായത്.
ഒന്നാം റൗണ്ട് മുതല്‍ പടിപടിയായി സുമേഷ് ലീഡെടുത്തിരുന്നു. എന്നാല്‍ യുഡിഎഫിന് സ്വാധീനമുള്ള വളപട്ടണം, പുഴാതി സോണുകളിലെ വോട്ടെണ്ണാന്‍ തുടങ്ങിയതോടെ അവസാന റൗണ്ടില്‍ ലീഡ് കുറഞ്ഞു. വോട്ടിങ് മെഷിനിലെ 15-ാം റൗണ്ടും പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ്– യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വോട്ടു വ്യത്യാസം രണ്ടു വോട്ടായിരുന്നു. കെ.വി സുമേഷ് 63857 വോട്ടും കരീം ചേലേരി 63855 വോട്ടും നേടി. ഇതിനൊപ്പം പോസ്റ്റല്‍ വോട്ടിലെ ലീഡോടെയാണ് കെ.വി സുമേഷ് ജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടില്‍ സുമേഷിന് 1094 വോട്ടും കരീം ചേലേരിക്ക് 747 വോട്ടും ലഭിച്ചു.
ഇരു മുന്നണിക്കും അപര സ്ഥാനാര്‍ഥികളും ഭീഷണിയായി. കെ.വി സുമേഷിന്‍റെ പേരിനോട് സാമ്യമുള്ള അപരന്മാര്‍ 227 വോട്ടും കരീം ചേലരിയുടെ അപരന്മാര്‍ 342 വോട്ടും പിടിച്ചു.