ജലീല്‍കോട്ട പിടിച്ചടക്കി മലപ്പുറത്തെ കോണ്‍ഗ്രസിന്‍റെ പടനായകന്‍. ചരിത്രം തിരുത്തിക്കുറിച്ചാണ് തവനൂരിന്‍റെ മണ്ണില്‍ വി.എസ്.ജോയിയുടെ ജയം. 14647 വോട്ടുകള്‍ക്കാണ് തവനൂരില്‍ ജോയിയുടെ ജയം. ഇന്നേവരെ യുഡിഎഫിന് വഴങ്ങാത്ത ജില്ലയിലെ ഏക മണ്ഡലം ഇക്കുറി ‘ജോയ് ഫുൾ’ വൈബിലാണ്.മുസ്‌ലിം ലീഗിന്‍റെ തിരഞ്ഞെടുപ്പ് ‘ഹിറ്റ് ലിസ്റ്റിൽ’പ്പെട്ട കെ.ടി.ജലീലിനെ മലര്‍ത്തിയടിച്ചാണ് കോണ്‍ഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി അധ്യക്ഷന്‍ നിയമസഭയിലേക്കെത്തുന്നത്.

കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരിക്കെ മലമ്പുഴയിൽ സാക്ഷാൽ വി.എസ്.അച്യുതാനന്ദനെതിരെ മത്സരിച്ചാണ് വി.എസ്.ജോസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവടുവച്ചത്. മികച്ച സംഘാടകനും പ്രസംഗകനുമായ ജോയ് കെഎസ്‌യുവില്‍ നിന്ന് നേരെ കോണ്‍ഗ്രസിന്‍റെ ചുമതലകളിലേക്കാണ് എത്തിയത്. സംസ്ഥാന മികച്ച ഡിസിസി പ്രസിഡന്‍റായി പേരെടുത്ത ജോയ്  രണ്ടാമങ്കത്തിനിറങ്ങിയത്.  തവനൂരിന്‍റെ മുക്കും മൂലയുമറിയുന്ന കെ.ടി.ജലീലിലെന്ന കരുത്തനെതിരെ  ചടുലമായ പ്രചാരണത്തിലൂടെ വന്‍ ഓളം തീര്‍ത്തായിരുന്നു ജോയിയുടെ മുന്നേറ്റം.

തീപാറും പോരാട്ടമായിരുന്നു ഇക്കുറി തവനൂരില്‍. 2011-ൽ മണ്ഡലം  രൂപീകരിച്ചത് മുതൽ കെ.ടി.ജലീല്‍ ഇടതുകോട്ടയായി കൊണ്ടുനടക്കുന്ന തവനൂരിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍‌ സ്ട്രൈക്കായിരുന്നു വി.എസി.ജോയിയുടെ സ്ഥാനാര്‍ഥിത്വം. കഴിഞ്ഞ‍ 15 വർഷമായി ജലീൽ ജയിച്ച് വരുന്ന മണ്ഡലത്തില്‍ ഇക്കുറി കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും അഭിമാന പോരാട്ടമായിരുന്നു. അതേസമയം തവനൂര്‍ കൈവിടാതിരിക്കാനുള്ള എല്‍ഡിഫിന്‍റെ ഒരേയൊരു ചോയ്സ് കെ.ടി.ജലീലില്‍ തന്നെയായിരുന്നു. ജില്ലയിൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലത്തിൽ സംസ്ഥാന സമിതി അംഗം രവി തേലത്തിനെ തന്നെ രംഗത്തിറക്കി ബിജെപിയും കളം നിറഞ്ഞു.

ന്യൂനപക്ഷ മുസ്ലീം വോട്ടുകൾ ഭൂരിപക്ഷമുള്ള തവനൂരില്‍ വി.എസ്.ജോയിയെ കളത്തിലിറക്കി കോണ്‍ഗ്രസ് ഒരു പുത്തന്‍ പരീക്ഷണമാണ് നടത്തിയത്. മലപ്പുറം ജില്ലയിലെ എൽഡിഎഫിന്‍റെ കോട്ടയില്‍ കോണ്‍ഗ്രസിന്‍റെ ആ പരീക്ഷണം വിജയംകണ്ടു. ജലീൽ മാജിക്കില്‍ വീണ്ടും വിശ്വസിച്ച് പോരാട്ടത്തിനിറങ്ങിയ എല്‍ഡിഎഫിന് ഇക്കുറി പാളി. ‘ജോയ് ഫുൾ തവനൂരിനായ് വി.എസ്.ജോയ്’ എന്നു പോസ്റ്റർ വാക്യം ജനങ്ങളേറ്റെടുത്തു.‘ജോയ് നമുക്ക് അറിയാത്ത ആളല്ലല്ലോ’ എന്ന് വോട്ടുകുത്തി ജനം പറഞ്ഞു. ക്രൈസ്തവ സമുദായത്തിന് പേരിന് മാത്രം സ്വാധീനമുള്ള തവനൂരില്‍ കോണ്‍ഗ്രസിന്‍റെ വി.എസ്.ജോയ് നിയമസഭയിലേക്ക്.സംസ്ഥാനത്തെ ഏറ്റവും സെക്കുലർ സ്വഭാവമുള്ള മണ്ഡലമാണ് തവനൂർ എന്ന് ജനാധിപത്യ വിശ്വാസികള്‍ക്ക് ഇനി ഉറക്കെ പറയാം. 

ENGLISH SUMMARY:

In one of the most significant upsets of the 2026 Kerala Assembly elections, Congress leader V.S. Joy has unseated LDF's heavyweight K.T. Jaleel in the Tavanur constituency. Since its formation in 2011, Tavanur had remained an impregnable fortress for Jaleel, but Joy’s strategic and youthful campaign successfully breached this bastion. Joy, who previously gained fame for contesting against V.S. Achuthanandan in Malampuzha, has now secured his first entry into the Kerala Legislative Assembly. The victory is particularly sweet for the UDF as Tavanur was the only seat in Malappuram district that had consistently eluded them. Despite Jaleel’s deep roots in the constituency and the LDF’s confident stance, the voters opted for the "Joyful Tavanur" slogan championed by the Congress. This win not only boosts the morale of the Congress youth wing but also signals a major shift in the political landscape of Malappuram.