ചോദ്യം ചോദിച്ചവന്‍ പുറത്തായാലും ചോദ്യം അവിടെ അവശേഷിക്കും, അതിന് ഉത്തരം തേടിയ ജനം സിപിഎമ്മിനെ തോല്‍പ്പിച്ചു. കണ്ണൂരിലെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ ഫണ്ട് തര്‍ക്ക വിവാദത്തില്‍ ജനം ആര്‍ക്കൊപ്പം എന്ന ജനവിധിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം. പയ്യന്നൂരിൽ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായി വിജയന്‍റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയും. ഫണ്ട് തിരിമറി വര്‍ഷങ്ങളോളം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചിട്ടും വേണ്ട രീതിയില്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകാതിരുന്നതോടെയാണ് കുഞ്ഞിക്കൃഷ്ണന്‍ പുറത്തുപോയതും സ്വതന്ത്രനായി മത്സരിക്കുന്നതും.
അടിയന്തരാവസ്ഥക്കാലത്ത് സിപിഎം അംഗമായ ആളാണ് വി. കുഞ്ഞികൃഷണന്‍. 1985 മുതൽ ഏരിയ കമ്മിറ്റിയിലും 2024ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും അംഗം. കാൽലക്ഷം അംഗങ്ങളുള്ള കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു. 2022 ലാണ് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ടിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നതായി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ ബോധിപ്പിച്ചത്. അന്ന് പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പക്ഷേ ടിഐ മധുസൂദനനൊപ്പം നിന്നു. പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന വി.കുഞ്ഞിക്കൃഷ്ണനെ നീക്കി. കമ്മിറ്റിയിലെ അനൈക്യം പരിഹരിക്കാനാണെന്നുമാണു വിശദീകരണം. ഇതില്‍ പ്രതിഷേധിച്ച് അക്കാലത്ത് കുഞ്ഞികൃഷ്ണന്‍ പൊതുപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഒരു കുറ്റവും ചെയ്യാത്ത നേതാവാണ് കുഞ്ഞിക്കൃഷ്ണനെന്ന് അന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞിരുന്നു. പക്ഷേ വീണ്ടും ചോദ്യം ഉന്നയിച്ചതോടെ കുഞ്ഞികൃഷ്ണന്‍ തെറ്റുകാരനായി.
പിന്നീട് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ 2023 ല്‍ കുഞ്ഞികൃഷ്ണന്‍ ഏരിയ കമ്മിറ്റിയില്‍ തിരിച്ചെത്തി. സമവായത്തിന്‍റെ ഭാഗമായി ടി.ഐ.മധുസൂദനൻ എംഎൽഎ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് എത്തിയപ്പോള്‍ വി.കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയാക്കുകയാണ് പാര്‍ട്ടി ചെയ്തത്. ഫണ്ട് തർക്കം പുറത്തുകൊണ്ടുവന്ന വി.കുഞ്ഞിക്കൃഷ്ണൻ പാർട്ടിയിൽനിന്നു നീതി കിട്ടിയില്ലെന്ന വേദനയോടെ എട്ടു മാസത്തോളം കമ്മിറ്റികളിൽനിന്നു വിട്ടുനിന്നിരുന്നു.
പിന്നീട് ജില്ലാ, സംസ്ഥാന നേതൃത്വത്തില്‍ ഒരാളും അദ്ദേഹത്തെ ഫോണിൽപോലും ബന്ധപ്പെട്ടില്ല. പങ്കെടുക്കാത്തതിന്‍റെ കാരണം ആരാഞ്ഞുമില്ല. ഒരു ദിവസം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ഫോണിൽ അങ്ങോട്ടു വിളിച്ച് കുഞ്ഞിക്കൃഷ്ണൻ വികാരാധീനനായി ചോദിച്ചു, ‘പാർട്ടിക്ക് എന്നെ വേണ്ടേ?’. പക്ഷേ, നീതി അകലെയാണെന്ന് വ്യക്തമായതോടെയാണ് സത്യം ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. പ്രശ്നത്തെ സമീപിക്കാതെ നടത്തിയ പരിഹാരങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ വീണ്ടും ഫണ്ട് വിവാദത്തിലേക്ക് തള്ളിയിട്ടതും ഇന്നുവരെ തോല്‍ക്കാത്ത പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റതും.
സിപിഎമ്മിനോട് കണക്കുചോദിച്ച് പയ്യന്നൂരിൽ വോട്ടുപിടിക്കാൻ ഇറങ്ങിയ കുഞ്ഞികൃഷ്ണന്‍ ന്യായത്തെയാണു കൂടെക്കൂട്ടിയത്. അഴിമതിക്കു കുടപിടിക്കുന്ന സിപിഎം നിലപാടിനെതിരെ, ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്‍റെ പുസ്തകമാണ് അദ്ദേഹം ജനങ്ങള്‍ക്ക് നീട്ടി. 40 വർഷത്തിലേറെ സിപിഎം ഏരിയ കമ്മിറ്റിയിൽ പ്രവർത്തിച്ച കുഞ്ഞികൃഷ്ണന് ഓരോ ഇടവും പരിചിതമായിരുന്നു. സിപിഎം കോട്ടകളിൽ ചലനം സൃഷ്ടിക്കാൻ മുൻപൊന്നും യുഡിഎഫ് സ്ഥാനാർഥികൾക്കു കഴിഞ്ഞിരുന്നില്ല എന്നിടത്തായിരുന്നു കുഞ്ഞിക്കൃഷ്ണന്‍റെ പ്രസക്തി.
നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന തന്‍റെ പുസ്തകത്തിലെ തലക്കെട്ടിനൊപ്പം പയ്യന്നൂരിലെ ജനങ്ങള്‍ നിന്നെന്നാണ് വിജയ ശേഷം കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. യുഡിഎഫ് പിന്തുണച്ചു. ഇടതുപക്ഷത്ത് നിന്ന് വലിയ വിഭാഗം ജനങ്ങളും ഒപ്പം നിന്നു. ഇത് രണ്ടും ചേര്‍ന്നതാണ് വിജയമെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ ആദ്യപ്രതികരണം.