women-youth

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ ചർച്ചകളിൽ വീണ്ടും ശ്രദ്ധ നേടുന്നത് രണ്ട് പ്രധാന വിഭാഗം വോട്ടർമാരാണ് - സ്ത്രീകളും യുവാക്കളും. ഈ വിഭാഗങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിച്ചിരിക്കാമെന്നുതന്നെയാണ് കണക്കുകള്‍ തെളിയിക്കുന്നത്.

കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി സ്ഥിരമായി ഉയർന്നുവരുന്നുണ്ട്. ഇത്തവണയും പല മണ്ഡലങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 2,71,42,952 വോട്ടർമാരില്‍ 1,39,21,868 പേരും സ്ത്രീകളാണ്. നിലവിലെ വോട്ടർപട്ടിക അനുസരിച്ച് പുരുഷന്മാരേക്കാൾ 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണുള്ളത്. കേരളത്തിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 129 ഇടങ്ങളിലും സ്ത്രീ വോട്ടർമാരുടെ എണ്ണമായിരുന്നു കൂടുതല്‍. 11 മണ്ഡലങ്ങളിൽ മാത്രമാണ് സ്ത്രീ വോട്ടർമാരേക്കാൾ പുരുഷ വോട്ടർമാരുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സ്ത്രീവോട്ടര്‍മാരുടെ നിലപാടുകള്‍ ഇക്കുറി തിരഞ്ഞെടുപ്പ് ഫലത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലുമടക്കം  സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടിയ മണ്ഡലങ്ങളിലെല്ലാം വോട്ട് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ക്ഷേമപദ്ധതികൾ, കുടുംബസുരക്ഷ, ജീവിത നിലവാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയൊക്കെ സ്ത്രീ വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളായിരിക്കാമെന്നാണ് വിലയിരുത്തൽ. 

സ്ത്രീകളെപ്പോലെ തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. 18 മുതൽ 35 വയസ്സ് വരെയുള്ള യുവ വോട്ടർമാർ ഇത്തവണ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിച്ചു. 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏകദേശം 4.24 ലക്ഷം കന്നിവോട്ടർമാർ ഉണ്ടെന്നാണ് അന്തിമ വോട്ടർ പട്ടികയില്‍ നിന്ന് മനസ്സിലാകുന്നത്. തൊഴിൽ, വിദ്യാഭ്യാസം, ഡിജിറ്റൽ അവസരങ്ങൾ, സംരംഭകത്വം തുടങ്ങിയ വിഷയങ്ങൾ യുവ വോട്ടര്‍മാരെ കൂടുതൽ സ്വാധീനിച്ചതായി മനസ്സിലാക്കാം. സോഷ്യല്‍മീഡിയ ക്യാംപെയിനുകളും യുവ വോട്ടർമാരിലേക്ക് കൂടുതൽ കടന്നുചെല്ലാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിച്ചിട്ടുണ്ട്.

സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രത്യേക ക്യാംപെയിനുകള്‍ക്ക് മുന്നണികള്‍ പ്രാധാന്യം നല്‍കിയതും ഈ രണ്ടു വിഭാഗങ്ങളുടെയും നിര്‍ണായക സ്വാധീനം മുന്നില്‍ കണ്ടുതന്നെയാണ്. സ്ത്രീകൾക്കായി ക്ഷേമവും സാമ്പത്തിക സുരക്ഷയും, യുവാക്കൾക്കായി തൊഴിലും വികസനവും മുൻനിർത്തിയുള്ള പ്രചാരണങ്ങളാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഇവയെല്ലാം ഇത്തവണത്തെ വോട്ടിങ് പ്രവണതയില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നുതന്നെയാണ് രാഷ്ട്രീയ വിശകലന വിഗദ്ധര്‍ വിലയിരുത്തുന്നത്. 

Kerala Election 2026: Women and Youth Voters Dominate:

Kerala Assembly Election Results have highlighted the significant impact of women and youth voters, whose participation and preferences played a crucial role in shaping the outcomes. These demographics are increasingly becoming decisive factors in Kerala's political landscape