തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് നന്ദി പറഞ്ഞ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആ ചര്‍ച്ചയിലേക്ക് പോകേണ്ട. യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. ഇന്ത്യയിലെ മുന്നണി രാഷ്ട്രീയ മാതൃകയാണ് ടീം യുഡിഎഫ്. മതേതരനിലപാടിന് ലഭിച്ച അംഗീകാരമാണ് ഇൗ ജയം. ഉത്തമ കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്തു. നൂറിലധികം സീറ്റെന്ന് പറഞ്ഞപ്പോള്‍ എന്നെ ആക്ഷേപിച്ചു. ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമായിരുന്നു. പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ഞങ്ങള്‍ നിറയ്ക്കും. ജനങ്ങളുടെ പ്രതീക്ഷകള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റും.
ടി.പി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ യുഡിഎഫ് നേടിയ വൻ വിജയത്തിനു പിന്നാലെ ഫെയ്സ്ബുക് പോസ്റ്റുമായി അദ്ദേഹത്തിന്റെ ഭാര്യയും വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നാണ് പിണറായിയെ പരോക്ഷമായി വിമർശിച്ച് രമയുടെ ഫെയ്സ് ബുക് പോസ്റ്റ്
യുഡിഎഫ് സംവിധാനം കൃത്യമായി പ്രവർത്തിച്ചെന്ന് കുന്നമംഗലം സ്ഥാനാർഥി എം.എ.റസാഖ് പറഞ്ഞു. മൈക്രോ ലെവൽ പ്രവർത്തനം വിജയം കണ്ടു. 13 ൽ 13 എന്നതാണ് ലക്ഷ്യം. 12+1 ലേക്ക് എത്തുകയാണ്. അനഭിമത അക്കൗണ്ട് കുന്നമംഗലത്ത് ക്ലോസ് ചെയ്തു. മുൻപ് ഞങ്ങൾ എറെ പഴി കേട്ടതാണ്. 25 കൊല്ലം പാർട്ടിയെ വേട്ടയാടിയതാണ്. അതിനുള്ള മറുപടി ജനങ്ങൾ കൊടുത്തു
പത്തു വര്‍ഷത്തിനിപ്പുറം സംസ്ഥാന ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ് യുഡിഎഫ്. 2001ല്‍ നേടിയ 99 സീറ്റിന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വന്‍തരംഗത്തിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിനെ തറപറ്റിച്ച് യുഡിഎഫ് ഇക്കുറി വിജയതീരമണിഞ്ഞത്. 2021ല്‍ നേടാന്‍ കഴിഞ്ഞ 41 സീറ്റില്‍ നിന്നാണ് 5 വര്‍ഷത്തിനിപ്പുറം 100സീറ്റില്‍ അധികം നേടി ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫിനു കഴിഞ്ഞത്. തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കിയ ശുഭസൂചന കൃത്യമായി തിരിച്ചറിഞ്ഞ് ‘ടീം യുഡിഎഫ്’ എന്ന നിലയില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇടതു സര്‍ക്കാരിന്റെ പത്തു വര്‍ഷം നീണ്ട ഭരണത്തിലെ വീഴ്ചകള്‍ അക്കമിട്ടു നിരത്താനും ഇടതുപാര്‍ട്ടികള്‍ക്കുള്ളില്‍ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ഉടലെടുത്ത പാളയത്തിലെ പട ഫലപ്രദമായി ഉപയോഗപ്പെടുത്താനും യുഡിഎഫ് നേതൃത്വത്തിനു കഴിഞ്ഞതും നേട്ടമായി.