priyadarshini-scheme-kerala-vds-v

സർക്കാരിന്‍റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി പുതിയ ചരിത്രമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പുതുയുഗ കേരളം, പുതുയുഗ യാത്ര, പുതിയ ചരിത്രം. ഇത് സ്ത്രീകളോടുള്ള സർക്കാരിൻ്റെ ആദരവാണ്. തികഞ്ഞ അഭിമാനത്തോടെ പ്രിയദർശിനി പദ്ധതി നാടിന് സമർപ്പിച്ചു. – അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എടുത്ത ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കിട്ടു. 

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനുമാണ് സൗജന്യ യാത്ര. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫും നിര്‍വ്വഹിച്ച മുഖ്യമന്ത്രി സെക്രട്ടേറിയറ്റുവരെ മന്ത്രിമാര്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തു. ഔദാര്യമല്ല, സ്ത്രികള്‍ക്കുള്ള ആദരമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി. സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 

അതേസമയം, കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നിട്ടുണ്ട്. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ലിംഗാടിസ്ഥാനത്തിലെ വേര്‍തിരിവ് വിവേചനപരമാണ്. ഭരണഘടനാവിരുദ്ധമായ പദ്ധതി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

ഓർഡിനറി ബസുകളില്‍  സിറ്റി ഫാസ്റ്റ് സർവീസെന്ന് ബോര്‍ഡ് വെച്ച് സ്ത്രീകളുടെ സൗജന്യയാത്ര നിഷേധിക്കുന്നുവെന്ന പ്രചാരണത്തിനെതിരെ കെഎസ്ആര്‍ടിസി അധികൃതര്‍ തന്നെ രംഗത്തെത്തി. നിലവില്‍ ഓർഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യയാത്രയുള്ളതെന്നും, സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്നും കെഎസ്ആർടിസി ഔദ്യോഗിക വിശദീകരണം നല്‍കി.  തിരുവനന്തപുരം സിറ്റിയിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും തിരുവനന്തപുരം ജില്ലയിലാകെ 687 ഓർഡിനറി ബസുകളുമാണ് ഓടുന്നത്. സിറ്റി ഫാസ്റ്റ് സർവീസുകൾ പ്രിയദര്‍ശിനി പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന കാര്യം യാത്രക്കാർക്ക് പെട്ടെന്ന് മനസിലാക്കുന്നതിനായാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. 

 സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തെറ്റാണെന്നും കെഎസ്ആർടിസി അറിയിച്ചു. 

ENGLISH SUMMARY:

The Priyadarshini Scheme, offering free bus travel for women and transgender individuals on KSRTC ordinary buses, marks a new era for Kerala, according to Chief Minister V.D. Satheesan. This initiative is presented as an honor to women, not a concession, and aims to redefine public transport accessibility.