കേരളത്തിന്‍റെ ജനവിധി എണ്ണിത്തിട്ടപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും തയാറായിക്കഴിഞ്ഞു. 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്നത്. 8 മണിക്ക് വോട്ടെണ്ണിത്തുടങ്ങിയാല്‍ എട്ടേകാലിന് തന്നെ ആദ്യ സൂചനകള്‍ അറിയാം. ഓരോ മണ്ഡലത്തിനും ഓരോ വോട്ടെണ്ണല്‍ ഹാളുണ്ട്. ആ ഹാളിനുള്ളില്‍ രണ്ട് തരത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു സ്ഥലത്ത് തപാല്‍ വോട്ടുകളുടെയെണ്ണലും മറ്റൊരു സ്ഥലത്ത് വോട്ടിങ് മെഷിനുകളിലെ വോട്ടണ്ണലും. ഇ.വി.എം മെഷീനുകള്‍ എണ്ണാന്‍ ഒരു ഹാളില്‍ 12 മുതല്‍ 14 വരെ ടേബിളും തപാല്‍ വോട്ടുകളെണ്ണാല്‍ ആറു മുതല്‍ ഒന്‍പതു വരെ ടേബിളുമുണ്ടാവും. 

എട്ടുമണിക്ക് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒരു ടേബിളില്‍ 500 വോട്ടെന്ന ക്രമത്തില്‍. അതായത് 6 ടേബിളുണ്ടങ്കില്‍ 8 മണിക്ക് തന്നെ മൂവായിരം തപാല്‍ വോട്ടുകള്‍ മേശപ്പുറത്ത് എത്തുമെന്ന് ചുരുക്കം. തപാല്‍ വോട്ടെണ്ണത്തിട്ടപ്പെടുത്താന്‍ അല്‍പം കൂടുതല്‍ സമയം എടുക്കുമെങ്കിലും എല്ലാ ടേബിളിലും കൂടി ഓരോ പത്ത് മിനിറ്റിലും നൂറ് വോട്ടെണ്ണാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കില്‍ 8.10 ആകുമ്പോള്‍ ആദ്യ നൂറ് വോട്ട് ആര്‍ക്കൊക്കെയെന്ന് വ്യക്തമാകും.

തപാല്‍ വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂര്‍, അതായത് എട്ടരയാകുമ്പോള്‍ വോട്ടിങ് മെഷീനിലെ എണ്ണല്‍ തുടങ്ങും. 14 ടേബിളുള്ള മണ്ഡലമെങ്കില്‍ ഒരേ സമയം 14 ബൂത്തുകളാണ് എണ്ണുന്നത്.  ഒരു മെഷീന്‍ എണ്ണി അത് വരണാധികാരി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സോഫ്റ്റ് വെയറിലേക്ക് അപ്​ലോഡ് ചെയ്യാന്‍ പത്ത് മുതല്‍ 15 മിനിറ്റ് വരെയെടുക്കും.. 14 ടേബിളുള്ള മണ്ഡലത്തില്‍  എല്ലാ ടേബിളിലും ഇത് ഒരേസമയം നടക്കുന്നതിനാല്‍ ആദ്യത്തെ 15 മിനിറ്റുകൊണ്ട് 14 ബൂത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അതായത് 8.45ന് ആദ്യ റൗണ്ടില്‍ ആര് ലീഡ് ചെയ്യുന്നൂവെന്ന് ഉറപ്പിക്കാം.

തുടക്കത്തിലെ ആശങ്കമാറിയാല്‍ വോട്ടെണ്ണലിന്‍റെ വേഗം കൂടും. പിന്നീട് ഓരോ 10 മിനിറ്റിലും ഒരു റൗണ്ട് പൂര്‍ത്തിയായേക്കാം. അങ്ങിനെയെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് ആറോ അഞ്ചോ റൗണ്ട്. അപ്പോള്‍ ഒമ്പതരയാകുമ്പോളേക്കും മണ്ഡലത്തിന്‍റെ ട്രെന്‍ഡ് തെളിയും.

ഒരു മണ്ഡലം എണ്ണിത്തീരാന്‍ ശരാശരി 17 റൗണ്ട് വേണം. പത്തരയാകുമ്പോളേക്കും അതിന്‍റെ പകുതി റൗണ്ടുകള്‍ പിന്നിടും. തരംഗമാണങ്കില്‍ അപ്പോഴേക്കും ഉറപ്പിക്കാം കേരളം ആര്‍ക്കൊപ്പമെന്ന്. ഇഞ്ചോടിഞ്ച് മല്‍സരമെങ്കില്‍ അവസാനറൗണ്ടും പൂര്‍ത്തിയാകുന്ന 12 മണിവരെയെങ്കിലും കാത്തിരിക്കണം.

ENGLISH SUMMARY:

The wait for Kerala's 2026 Assembly election results ends on May 4. While the LDF aims for a historic third term, exit polls give an edge to the UDF. Counting of postal ballots starts at 8 AM followed by EVMs. Check live updates here.