കെ. കരുണാകരനെന്ന കരുത്തനായ കോണ്‍ഗ്രസ് നേതാവിന്‍റെ മകനെന്ന നിലയിലാണ് രാഷ്ട്രീയ കേരളം കെ.മുരളീധരനെ അറിഞ്ഞു തുടങ്ങിയത്.  പാരമ്പര്യത്തിന്‍റെ തഴമ്പില്‍ നേതാവായെന്ന് ഒരുകാലത്ത് എതിരാളികള്‍ ആര്‍ത്തു വിളിച്ചു. അനുഭവങ്ങളില്‍ സ്ഫുടം ചെയ്തെടുത്ത കരുത്തുമായി  കരുണാകരന്‍റെ മകനെന്ന വിശേഷണത്തില്‍ നിന്ന് ബഹുദൂരം മുമ്പോട്ട് പോയി കെ.മുരളീധരന്‍. 25 കൊല്ലം മുമ്പ് കെപിസിസി അധ്യക്ഷനായി ആ  കസേരയുടെ പവര്‍ എന്താണെന്ന് അണികള്‍ക്ക് കാണിച്ചുകൊടുത്തു. കെപിസിസിക്ക് ബഹുനില ആസ്ഥാനം നിര്‍മ്മിച്ചതും മുരളീധരന്‍റെ കാലത്താണ്. 14 തിരഞ്ഞെടുപ്പുകള്‍ നേരിട്ട നേതാവ്. ആറു തവണ ജനമനസ് ഒപ്പം നിന്നു. നാലുവട്ടം എംപി യായി. രണ്ട് പ്രാവശ്യം എംഎല്‍എയും. 

നേമത്തുള്‍പ്പെടെ പാര്‍ട്ടി  പ്രതിരോധത്തിലായ ഘട്ടത്തിലൊക്കെ  തോല്‍ക്കുമെന്ന ഭയാശങ്കകളില്ലാതെ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങി. സ്ത്രീപക്ഷ വിഷയങ്ങളിലും വര്‍ഗീയ വിരുദ്ധ പോരാട്ടങ്ങളിലും പാര്‍ട്ടിയുടെ മൂര്‍ച്ചയുളള നാവായി. അധികാര സ്ഥാനങ്ങളില്‍ ഇല്ലാത്തപ്പോഴും മാധ്യമങ്ങള്‍ മുരളീധരന്‍റെ വ്യക്തവും കൃത്യവുമായ പ്രതികരണങ്ങള്‍ക്കായി ക്യൂ നിന്നു. 

ഈ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലേയ്ക്ക് മടങ്ങിയത്തുമ്പോള്‍ വി.കെ.പ്രശാന്തിന്‍റെ ജനകീയതയും ആര്‍.ശ്രീലേഖയുടെ പോരാട്ടവീറും നിസാര വെല്ലുവിളിയല്ല ഉയര്‍ത്തിയത്. അതിനെയെല്ലാം അതിജീവിച്ച് തിളക്കമാര്‍ന്ന വിജയം. എ.കെ.ആന്‍റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് രാജിവച്ച ചരിത്രമുണ്ട്. ഇന്ന്  വിജയിച്ച എംഎല്‍എമാരിലെ പ്രമുഖരുടെ കൂട്ടത്തില്‍ മന്ത്രി സഭയിലേക്ക് കാലെടുത്തു വയ്ക്കാനൊരുങ്ങുകയാണ് ജനകീയ നേതാവ്. 

ENGLISH SUMMARY:

K. Muraleedharan is a prominent leader in Kerala politics, known for his strong stance and leadership. He has overcome various electoral challenges and is now set to join the ministerial cabinet